കൂത്താട്ടുകുളം ഡിവിഷനിലെ പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർഥി മായാ വി, സൈബർ ആക്രമണങ്ങൾക്ക് ഫേസ്ബുക്ക് വീഡിയോയിലൂടെ മറുപടി നൽകി. താൻ കരയുമെന്ന് പ്രതീക്ഷിച്ചവർക്ക് മുന്നിൽ, സ്വന്തം ഇഷ്ടപ്രകാരമാണ് മത്സരിച്ചതെന്നും തോൽവിയിൽ തളരില്ലെന്നും അവർ വ്യക്തമാക്കി.
കൊച്ചി: തനിക്കെതിരെ വരുന്ന അപകീർത്തികരമായ സോഷ്യൽമീഡിയ കമന്റുകളോട് വ്യത്യസ്ത രീതിയിൽ പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർഥിയായി കൂത്താട്ടുകുളം ഡിവിഷനിൽ മത്സരിച്ച് പരാജയപ്പെട്ട മായാ വി. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചതിലും സോഷ്യൽമീഡിയാ കമന്റുകളോട് രൂക്ഷമായി മറുപടി പറഞ്ഞതിലും താൻ ക്ഷമ പറയണമെന്നാണ് ചില ചേട്ടന്മാർ ആഗ്രഹിക്കുന്നതെന്ന് മായ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സെൽഫി വീഡിയോയിൽ പറഞ്ഞു.
തന്നെ എൽഡിഎഫ് നിർബന്ധിച്ച് മത്സരിപ്പിച്ചതാണെന്നും സ്വതന്ത്രയായി നിന്നിരുന്നെങ്കിൽ ജയിക്കുമായിരുന്നുവെന്നും സോഷ്യൽമീഡിയയിൽ രൂക്ഷമായി മറുപടി പറഞ്ഞതിൽ ക്ഷമ ചോദിക്കണമെന്നും ചിലർ ആഗ്രഹിക്കുന്നു. എന്നാൽ അത് നടക്കില്ല. ഞാൻ കരയും, ക്ഷമ പറയുമെന്നൊക്കെയാണ് അവർ കരുതിയത്. ഞാൻ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് ഇലക്ഷന് നിന്നത്. ആ പാർട്ടി എന്റെ കൂടെ തന്നെ കാണും. ഞാനതിൽ നിന്ന് മാറിപ്പോകില്ല. നിനക്കൊന്ന് പൊട്ടിക്കരഞ്ഞൂടെ എന്ന് പറയുന്നവർക്കാണ് ഈ വീഡിയോ. അങ്ങനെ കരഞ്ഞ് മൂലക്കിരിക്കുന്നവളല്ല ഞാൻ. എനിക്കിപ്പോൾ അതിന് സമയമില്ല. ജീവിതത്തിൽ ഒരുപാട് തോറ്റിട്ടുള്ളവളായോണ്ട് എനിക്ക് പ്രശ്നമില്ല. പിന്നെ, കമന്റിടുന്ന ചേട്ടന്മാരോട്, നിങ്ങളുടെ അക്കൗണ്ട് പൂട്ടിവെച്ചിട്ട് തെറി വിളിക്കരുത്. ഒരു സ്ത്രീയായ ഞാൻ വരെ അക്കൗണ്ട് പബ്ലിക്കാക്കി വെച്ചിരിക്കുന്നു. നിങ്ങൾക്കത് പ്രശ്നമല്ല. നാട്ടിലും വീട്ടിലും അത്ര വിലയേ കാണൂ. പക്ഷേ എന്റെ അവസ്ഥ അതല്ല. എന്നെ പഠിപ്പിച്ച ഗുരുക്കന്മാർ, എന്റെ വീട്ടുകാർ, ഭർത്താവിന്റെ വീട്ടുകാർ തുടങ്ങി എന്നെ സ്നേഹിക്കുന്ന എല്ലാവരും അതിലുണ്ട്. അവർക്ക് ബഹുമാനം നൽകുന്നതിനാലാണ് ഞാൻ അവിടെയും വിടെയും മറുപടി നൽകാത്തത്.
എനിക്ക് ദൈവങ്ങളുടെ പേരിലുള്ള അക്കൗണ്ടിൽ നിന്ന് വരെ തെറിവിളി വരുന്നു. കഴിഞ്ഞ ദിവസം ശിവന്റെ പേരിലുള്ള അക്കൗണ്ടിൽ നിന്ന് വരെ തെറിവിളി വന്നു. മറ്റുള്ളവരുടെ രാഷ്ട്രീയത്തെയും വ്യക്തിത്വത്തെയും ബഹുമാനിക്കുന്നയാളാണ്. തിരിച്ച് ഞാനും പ്രതീക്ഷിക്കും. നിങ്ങളുടെ നൈരാശ്യം തെറിവിളിയായിട്ടാണ് വരുന്നത്. നിങ്ങളുടെ തെറിവിളികളാണ് മോണിറ്റൈസേഷനായ എന്റെ അക്കൗണ്ടിൽ പണമായി വരുന്നത്. ഒത്തിരി നന്ദിയുണ്ടെന്നും മായ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പേ പേരുകൊണ്ട് ഏറെ ശ്രദ്ധ നേടിയ സ്ഥാനാര്‍ഥിയായിരുന്നു മായാ വി. പേരിലെ കൗതുകമാണ് ശ്രദ്ധേയമായത്. പിന്നീട് നിരവധി ട്രോളുകളും മീമുകളും മായാ വി എന്ന പേരുകൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലായി. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മായ പരാജയപ്പെട്ടു.
