മണ്ണഞ്ചേരി: ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎം ആരിഫിന്‍റെ  മണ്ണഞ്ചേരി ഇലക്ഷന്‍ മേഖലാ കമ്മിറ്റി ഓഫീസിന് തീയിട്ടു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. എഎം ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മന്ത്രി കെടി ജലീല്‍ ഇന്ന് ഇവിടെ പ്രസംഗിക്കാനിരിക്കവേയാണ് ഓഫീസിന് തീയിട്ടത്.

125 ഓളം കസേരകളും ഫ്‌ളോര്‍മാറ്റും തറപോളയും ഷീറ്റും അടക്കമുള്ള സാധനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. എല്‍ഡിഎഫിന്റെ വിജയം ഉറപ്പായതോടെ വിളറിപിടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഓഫീസിന് തീയിട്ടതെന്ന് എല്‍ഡിഎഫ് ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.