15ന് മാത്രമേ തരാന്‍ സാധിക്കുകയുള്ളൂ എന്ന നിഷേധാത്മക സമീപനമാണ് ഡോക്ടര്‍ സ്വീകരിച്ചത്. 15ന് മുമ്പ് മുമ്പ് അയച്ചാല്‍ മാത്രമാണ് ശ്യാമിന് ക്രിസ്മസിന് ലഭിക്കേണ്ട പെന്‍ഷന്‍ ലഭിക്കുകയുള്ളൂ.

തൃശൂര്‍: ജന്മനാ വൈകല്യമുള്ള കിടപ്പുരോഗിയായ യുവാവിന് ലൈഫ് സര്‍ട്ടിഫിക്ക് നിഷേധിച്ച അളഗപ്പനഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് എല്‍ഡിഎഫ് ജനപ്രതിനിധികള്‍. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡിലെ പാണ്ടാരി മോഹനന്‍-ഷീല ദമ്പതികളുടെ മകനായ ശ്യാംകുമാര്‍ (38) ജന്മനാ വൈകല്യമുള്ള കിടപ്പുരോഗിയാണ്. പ്രാഥമിക ആവശ്യങ്ങൾക്കു പോലും അമ്മയായ ഷീലയുടെ സഹായം വേണം.

ശ്യാമിന് കരുവാപ്പടി അക്ഷയ സെന്ററില്‍നിന്നുള്ള ഉദ്യോഗസ്ഥന്‍ മസ്റ്ററിങ് ചെയ്തപ്പോള്‍ വിരലും കണ്ണും രേഖപ്പെടുത്താനായില്ല. അക്ഷയയില്‍നിന്നുള്ള സാക്ഷ്യപത്രമടക്കം ലൈഫ് സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ രേഖകള്‍ സഹിതം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമേഷിന് വാര്‍ഡ് മെംബര്‍ വി.കെ. വിനീഷ് നേരിട്ട് കണ്ട് സമര്‍പ്പിച്ചിരുന്നു. ഇക്കഴിഞ്ഞ 11നാണ് അപേക്ഷ നല്‍കിയത്. എന്നാല്‍, ഡോക്ടര്‍ കിടപ്പു രോഗിയായ ശ്യാമിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അത് അസാധ്യമാണെന്നും ഡോക്ടര്‍ 24 മണിക്കൂറിനുള്ളില്‍ നേരിട്ടോ ഹോസ്പിറ്റലിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയോ 12ന് ഉച്ചയ്ക്കുള്ളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് തന്നാല്‍ മതിയെന്ന് വാര്‍ഡ് മെംബര്‍ വി.കെ. വിനിഷ് പറഞ്ഞു. ഇതിനും ഡോക്ടര്‍ തയാറായില്ല. 

15ന് മാത്രമേ തരാന്‍ സാധിക്കുകയുള്ളൂ എന്ന നിഷേധാത്മക സമീപനമാണ് ഡോക്ടര്‍ സ്വീകരിച്ചത്. 15ന് മുമ്പ് മുമ്പ് അയച്ചാല്‍ മാത്രമാണ് ശ്യാമിന് ക്രിസ്മസിന് ലഭിക്കേണ്ട പെന്‍ഷന്‍ ലഭിക്കുകയുള്ളൂ എന്ന് പറഞ്ഞിട്ടും ഡോക്ടര്‍ ഈ സമീപനമെടുത്തത് മനുഷ്യത്വരഹിതമാണെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തംഗങ്ങളായ വി.കെ. വിനീഷ്, പി.എസ്. പ്രീജു, സജ്‌ന ഷിബു, അശ്വതി പ്രവീണ്‍, പൊതുപ്രവര്‍ത്തകരായ പി.കെ. ആന്റണി, പി.യു. ഹരികൃഷ്ണന്‍, മിഥുന്‍ കെ.എസ്, ശ്യാംകുമാറിന്റെ പിതാവ് മോഹനന്‍ എന്നിവരാണ് പ്രശ്നത്തിൽ ഇടപെട്ടത്.