കണ്ണൂർ: ഫസൽ വധക്കേസ് പ്രതി കാരായി രാജനെ ഒഴിവാക്കി കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ പാട്യം ഡിവിഷനിൽ നിന്ന് മത്സരിച്ച കാരായി രാജൻ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. ജില്ലാ പഞ്ചായത്തിലേക്കുള്ള 21 സീറ്റിൽ 15 ഇടത്തും സിപിഎം മത്സരിക്കും. അവശേഷിക്കുന്ന ഒൻപത് ഡിവിഷനുകൾ ഘടകകക്ഷികൾക്ക് വീതിച്ച് നൽകി. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് പിപി ദിവ്യയെയും വൈസ് പ്രസിഡന്റായി ബിനോയ് കുര്യനെയുമാണ് തീരുമാനിച്ചത്. കഴിഞ്ഞ തവണ കാരായി രാജനെ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റാക്കിയിരുന്നെങ്കിലും ഇവർക്ക് ജില്ലയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഹൈക്കോടതി നീക്കാത്തതിനെ തുടർന്ന് പ്രസിഡന്റ് സ്ഥാനം രാജൻ രാജിവച്ചിരുന്നു.