ഇടതുപക്ഷം ഫാസിസത്തിനെതിരായ ദീര്‍ഘകാല പോരാട്ടത്തിലാണ്. ഫാസിസത്തെ തോല്‍പ്പിക്കാനുള്ള പോരാട്ടത്തിന് ഊര്‍ജ്ജം പകരണമെങ്കില്‍ ജനാധിപത്യ, മതേതര ഇടതുകാഴ്ചപ്പാടിനെ ശക്തിപ്പെടുത്തലാണ് ചരിത്ര ദൗത്യം. മതനിരപേക്ഷതക്ക് കരുത്ത് പകരുന്ന ഗംഭീരമായ ലോകമാണ് ഇടതുപക്ഷമെന്നും കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു.

തൃശൂര്‍: ഫാസിസത്തെ രാഷ്ട്രീയമായും സാംസ്‌കാരികമായും തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് പറ‍ഞ്ഞു. തൃശൂരില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച 'ഹിന്ദുത്വ ഫാസിസം: ദേശീയത, വംശീയത, പ്രതിരോധം' എന്ന പ്രബന്ധ സമാഹാരത്തിന്‍റെ പ്രകാശന ചടങ്ങിലായിരുന്നു കെ ഇ എന്‍ തുറന്നടിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിറുത്തില്ലെന്നും മുഴുവന്‍ മണ്ഡലങ്ങളിലും യുഡിഎഫിനെ പിന്തുണക്കുമെന്നുമായിരുന്നു ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍പാര്‍ട്ടി പ്രഖ്യാപിച്ചത്. 

എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് കേരളത്തിലെ പ്രധാന മത്സരം, രണ്ട് കൂട്ടരും ബിജെപി സഖ്യത്തെ പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ എല്‍ഡിഎഫിന് നേതൃത്വം നല്‍കുന്ന സിപിഎം ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്ത കക്ഷിയല്ല അവര്‍ക്ക് ശക്തിയുള്ളത് കേരളത്തില്‍ മാത്രമാണ്. യുഡിഎഫ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസാകട്ടെ രാജ്യത്തെ വലിയ മതേതര പാര്‍ട്ടിയാണ്. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം നേടാനോ, ഏറ്റവും വലിയ ഒറ്റകക്ഷിയാകാനോ സാധ്യതയുള്ള പ്രതിപക്ഷ പാര്‍ട്ടിയുമാണ്. കോണ്‍ഗ്രസിനും അവരുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ മതേതര സര്‍ക്കാരിന് സാധ്യതയുള്ളൂ. 

പ്രളയ പുനര്‍നിര്‍മ്മാണത്തിന് ക്രിയാത്മക കാഴ്ചപ്പാട് രൂപപ്പെടുത്തി നടപ്പാക്കാനായിട്ടില്ല. ജനകീയ സമരങ്ങള്‍ അടിച്ചമര്‍ത്തുന്നുവെന്നും യുഡിഎഫിനെ പിന്തുണക്കുന്നതിനെ വ്യക്തമാക്കി വെല്‍ഫെയര്‍പാര്‍ട്ടി പറയുന്നു. ഇതിനെയാണ് അക്കമിട്ട് നിരത്തി ജമാഅത്തെ ഇസ്‌ലാമിയുടെ യുവജനസംഘടനാ വേദിയില്‍ കെഇഎന്‍ മറുപടി നല്‍കിയത്. താന്‍ ഇത് പറഞ്ഞില്ലെങ്കില്‍ ആത്മനിന്ദ തോന്നുമെന്ന് വ്യക്തമാക്കിയായിരുന്നു കെ ഇ എന്നിന്റെ തുറന്നു പറച്ചില്‍. ഇടതുപക്ഷം ഫാസിസത്തിനെതിരായ ദീര്‍ഘകാല പോരാട്ടത്തിലാണ്. ഫാസിസത്തെ തോല്‍പ്പിക്കാനുള്ള പോരാട്ടത്തിന് ഊര്‍ജ്ജം പകരണമെങ്കില്‍ ജനാധിപത്യ, മതേതര ഇടതുകാഴ്ചപ്പാടിനെ ശക്തിപ്പെടുത്തലാണ് ചരിത്ര ദൗത്യം. മതനിരപേക്ഷതക്ക് കരുത്ത് പകരുന്ന ഗംഭീരമായ ലോകമാണ് ഇടതുപക്ഷമെന്നും കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടന്ന പരിപാടിയില്‍ കെ കെ കൊച്ച് പുസ്തകം ഏറ്റുവാങ്ങി.