Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രി'യായി ഗൗരിപ്രിയ, ഷില്‍പ 'പ്രതിപക്ഷ നേതാവ്'; വാദപ്രതിവാദങ്ങളും ചൂടന്‍ ചര്‍ച്ചകളുമായി മാതൃകാ നിയമസഭ

ഒരു ദിവസത്തെ സഭാ നടപടിക്രമങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു മാതൃകാ നിയമസഭ. 

legislative assembly book festival students model assembly session joy
Author
First Published Oct 26, 2023, 6:45 PM IST

തിരുവനന്തപുരം: നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച മാതൃകാ നിയമസഭയില്‍ താരങ്ങളായി വിദ്യാര്‍ഥി സാമാജികര്‍. ചോദ്യോത്തരവേള, അടിയന്തര പ്രമേയം, ശ്രദ്ധ ക്ഷണിക്കല്‍, സബ്മിഷന്‍, ചട്ടം 130 അനുസരിച്ചുള്ള ചര്‍ച്ച തുടങ്ങി ഒരു ദിവസത്തെ സഭാ നടപടിക്രമങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു മാതൃകാ നിയമസഭ. 

തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് മാതൃകാ നിയമസഭയില്‍ പങ്കെടുത്തത്. നിയമസഭയുടെ തനതു മാതൃകയില്‍ കുട്ടികള്‍ ഭരണപക്ഷവും പ്രതിപക്ഷവുമായി രണ്ടു ഭാഗത്തായി ഇരുന്ന് സ്പീക്കറുടെ നേതൃത്വത്തിലാണ് സഭ നടത്തിയത്. നാലാംഞ്ചിറ സെന്റ് ജോണ്‍സ് എച്ച്.എസ്.എസിലെ സനൂജ് ജി.എസ് ആണ് സ്പീക്കറായി വേഷമിട്ടത്. തൊളിക്കോട് ജി.എച്ച്.എസ്.എസിലെ ഫാത്തിമ എസ് ഡെപ്യൂട്ടി സ്പീക്കറായും വെഞ്ഞാറമൂട്  ജി.എച്ച്.എസ്.എസിലെ ഗൗരിപ്രിയ എസ് മുഖ്യമന്ത്രിയായും പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിലെ ഷില്‍പ ടി.എസ് പ്രതിപക്ഷ നേതാവായും വേഷമിട്ടു.

ചോദ്യോത്തര വേളയോടെയാണു കുട്ടികളുടെ മാതൃകാ നിയമസഭ ആരംഭിച്ചത്. ലഹരിക്കെതിരായ ബോധവല്‍ക്കരണം, വിദ്യാര്‍ഥികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍, തനത് കലാരൂപങ്ങള്‍ പരിപോഷിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങിയ വിഷയങ്ങളാണ് ചോദ്യോത്തര വേളയില്‍ വിവിധ അംഗങ്ങള്‍ ഉന്നയിച്ചത്. എക്‌സൈസ്, പൊതുവിദ്യാഭ്യാസ മന്ത്രി, പരിസ്ഥിതി, സാംസ്‌കാരിക വകുപ്പ് മന്ത്രിമാര്‍ എന്നിവരുടെ വേഷങ്ങളിലെത്തിയ വിദ്യാര്‍ഥികള്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

വിലക്കയറ്റത്തിനെതിരെ 'നിയമസഭാംഗം' അമാനി മുഹമ്മദ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. എന്നാല്‍ പ്രതിപക്ഷ ആരോപണങ്ങളെ തള്ളിക്കൊണ്ട് മുഖ്യമന്ത്രിയും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയും ഇത് അടിയന്തരമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് അറിയിച്ചു. ഇതോടെ അടിയന്തര പ്രമേയത്തിനുള്ള അവതരണാനുമതി നിഷേധിച്ചു. ലൈബ്രറികള്‍ ഭരണഘടനയുടെ സ്റ്റേറ്റ് ലിസ്റ്റില്‍ നിന്നും കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെ സഭയില്‍ ഉപക്ഷേപം കൊണ്ടുവന്നു. തുടര്‍ന്ന് ചര്‍ച്ച ചെയ്ത് സബ്സ്റ്റാന്റിവ് മോഷന്‍ സഭ ഐക്യകണ്‌ഠേന പാസാക്കി. നിയമസഭാ സമുച്ചയത്തില്‍ നവംബര്‍ ഒന്നു മുതല്‍ ഏഴു വരെയാണ് അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് നടക്കുന്നത്. 

ജാക്‌സൺ മാർക്കോസിന് 3 ലക്ഷം അനുവദിച്ചിരുന്നു, ഉത്തരവിറങ്ങിയത് ഇന്നലെ, അതിനിടയിലാണ് മരണമെന്നും അൻവർ
 

Follow Us:
Download App:
  • android
  • ios