ചെന്നൈ: മലയാളിക്ക് ഓണ സദ്യക്ക് നാരങ്ങ അച്ചാര്‍ ഒരുക്കാനുള്ള നാരങ്ങയിലേറെയുമെത്തുന്നത് തമിഴ്നാട്ടിലെ ലെമണ്‍ സിറ്റിയില്‍ നിന്നാണ്. ഓണത്തിന് കേരളത്തിലേക്കെത്തിക്കാൻ ഇത്തവണയും ഇവിടെ നാരങ്ങ വിപണി സജീവമായിക്കഴിഞ്ഞു.

തമിഴ്നാട്ടിലെ പ്രശസ്തമായ പുന്നയ്യപുരത്താണ് ലെമണ്‍ സിറ്റി സ്ഥിതി ചെയ്യുന്നത്. കേരളത്തിലേക്കും വിദേശത്തേക്കുമടക്കം നാരങ്ങ കയറ്റി അയക്കുന്ന പ്രധാന കേന്ദ്രളില്‍ ഒന്നാണീ നാരാങ്ങ വ്യാപാര കേന്ദ്രം. മലയാളിക്ക് ഓണവും കല്യാണവും ആഘോഷിക്കാനുളള നാരങ്ങകൾ ലേലം വിളിച്ചാണ് വാങ്ങിക്കുക.

പച്ച നാരങ്ങ, പഴുത്ത നാരങ്ങ എന്നിങ്ങനെ തരംതിരിച്ചാണ് കയറ്റി അയക്കുന്നത്. ഒരു ദിവസം 200 ടണ്‍ വരെ നാരങ്ങ എത്തിയിരുന്ന ലെമണ്‍ സിറ്റിയിലിപ്പോൾ 20 ടണ്‍ മാത്രമാണെത്തുന്നത്. മഴ ചതിച്ചതോടെ വിള കുറഞ്ഞതാണ് കാരണമെന്ന് കർഷകർ പറയുന്നു. വലിപ്പമുള്ള നാരങ്ങ ഒരെണ്ണത്തിന് ഇപ്പോൾ നാലു രൂപയാണ് വില. അത് വരും ദിവസങ്ങളില്‍ 12 രൂപവരെ വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. കല്യാണ സീസണും കൂടി ആയതിനാല്‍ ഈ മാസം മുഴുവനും വില ഉയര്‍ന്നു തന്നെ നിൽക്കുമെന്നും വ്യാപാരികൾ കൂട്ടിച്ചേർത്തു.