സി.സി.ടി.വി ദൃശ്യം വനംവകുപ്പും പരിശോധിച്ചെങ്കിലും കടുവയാണോ പുലിയാണോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല

സുല്‍ത്താന്‍ബത്തേരി: മീനങ്ങാടി ടൗണിലും കരണി പ്രദേശത്തും പുലിയിറങ്ങിയെന്ന സംശയത്തെ തുടര്‍ന്നുള്ള ആശങ്ക തുടരുന്നു. അമ്പത്തിനാലാംമൈലില്‍ ആണ് പുലിയെന്ന് തോന്നിക്കുന്ന ജീവിയെ നാട്ടുകാര്‍ കണ്ടത്. എന്നാല്‍ ഇത് കടുവയാകാനുള്ള സാധ്യതയും ഉണ്ടെന്ന് ചില നാട്ടുകാര്‍ പറയുന്നത്. ഇതിനെതുടർന്ന് പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

ചൊവ്വാഴ്ച പുലര്‍ച്ചെ ദേശീയപാതയോരത്തെ വീടിന് മുന്നിലൂടെ പുലി നടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ സി.സി.ടി.വി പതിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ ഇതുവഴി കടന്നുപോയ ടിപ്പര്‍ലോറി ഡ്രൈവര്‍ സംശയമുന്നയിച്ചതിനെ തുടര്‍ന്നാണ് സി.സി.ടി.വി പരിശോധിച്ചത്. ദൃശ്യം ലഭിച്ചെങ്കിലും പുലിയോ കടുവയോ എന്നത് വ്യക്തമല്ല. സി.സി.ടി.വി ദൃശ്യം വനംവകുപ്പും പരിശോധിച്ചെങ്കിലും കടുവയാണോ പുലിയാണോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ടൗണിലുള്ളവരോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മീനങ്ങാടിക്ക് അടുത്ത പ്രദേശമായ കരണിയിലും പരിസരപ്രദേശങ്ങളിലും ആഴ്ചകള്‍ക്ക് മുമ്പ് പുലിയെത്തിയിരുന്നു. കല്ലഞ്ചിറ, ആവുവയല്‍ക്കുന്ന്, കരണി, താഴെകരണി എന്നീ പ്രദേശങ്ങളിലെല്ലാം പരിശോധന നടത്തിയിട്ടും പുലിയയുടെ കാല്‍പ്പാടുകളോ മറ്റോ കണ്ടെത്താനായിരുന്നില്ല. അതേ സമയം കണ്ടെത്തിയ കാല്‍പ്പാടുകള്‍ പുലിയുടേതല്ലെന്നായിരുന്നു വനംവകുപ്പിന്റെ വിശദീകരണം. പ്രദേശത്ത് ധാരാളം കാട് പിടിച്ചുകിടക്കുന്ന തോട്ടങ്ങളുണ്ട്. പകല്‍ തോട്ടങ്ങളില്‍ താവളമടിക്കുന്ന വന്യമൃഗങ്ങള്‍ രാത്രി കാലങ്ങളില്‍ ഇരതേടാന്‍ ഇറങ്ങുകയാണ്. മീനങ്ങാടിക്ക് സമീപമുള്ള ബീനാച്ചി എസ്റ്റേറ്റ് വര്‍ഷങ്ങളായി കാട് പിടിച്ചു കിടക്കുന്ന ഒന്നാണ്. ഇവിടെ കടുവയടക്കമുള്ള വന്യമൃഗങ്ങള്‍ ഉള്ളതായി വനംവകുപ്പ് തന്നെ മുമ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏതായാലും മീനങ്ങാടി ടൗണിലും പരിസരത്തുമുള്ളവരോട് ജാഗ്രത പാലിക്കാനാണ് അധികൃതരുടെ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona