മുമ്പ് ഇതേ പ്രദേശത്ത് വെച്ച് പുള്ളിപ്പുലിയെ വനംവകുപ്പ് കൂടുവെച്ച് പിടിച്ചിരുന്നു
മലപ്പുറം: എപ്പോൾ വേണമെങ്കിലും പുലി കൺമുന്നിലെത്തുമെന്ന പേടിയിലാണ് മലപ്പുറത്തെ മുള്ള്യാര്‍കുറിശ്ശി പൊഴുതല മലയടിവാരത്തിലെ ജനങ്ങൾ. മേഖലയിൽ പുലി ശല്യം അത്രക്കും രൂക്ഷമാണ്. ആട് അടക്കമുള്ള ജീവികൾക്കാണ് പുലിയുടെ ആക്രമണത്തിൽ മിക്കവാറും ജീവൻ നഷ്ടമാകാറുള്ളത്. കഴിഞ്ഞ ദിവസം കണ്‍മുന്നില്‍വെച്ചാണ് പുലി ആടിനെ കടിച്ചു കൊണ്ടുപോയതെന്നാണ് ആടിനെ നഷ്ടമായ കർഷകൻ പറഞ്ഞത്. മൂന്നു വര്‍ഷത്തിനിടെ ഇരുപത് ആടുകളെ നഷ്ടമായെന്ന് ഉമൈര്‍ എന്ന കര്‍ഷകന്‍ വ്യക്തമാക്കി. മുമ്പ് ഇതേ പ്രദേശത്ത് വെച്ച് പുള്ളിപ്പുലിയെ വനംവകുപ്പ് കൂടുവെച്ച് പിടിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുലിയെ പിടികൂടാൻ കഴിയാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് ഇനിയെങ്കിലും പുലിയെ പിടകൂടാനുള്ള കൃത്യമായ ഇടപെടലുണ്ടാകുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.
അതേസമയം ഇടുക്കിയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത ഇരട്ടയാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം കണ്ടെത്തി എന്നതാണ്. കഴിഞ്ഞ രാത്രിയിൽ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങിയ ആളാണ് വഴിയരികിൽ കടുവ നിൽക്കുന്നത് കണ്ടത്. കഴിഞ്ഞ ഒരാഴ്ചയായി കടുവ പേടിയിലാണ് ഇരട്ടയാർ പഞ്ചായത്തിലെ ഇടിഞ്ഞമല,അടയാളക്കല്ല് മേഖല. കൃഷിയിടങ്ങളിൽ കാൽപ്പാടുകൾ വ പതിഞ്ഞിട്ടുണ്ടെങ്കിലും വനം വകുപ്പ് പലയിടത്തായി സ്ഥാപിച്ച ക്യാമറകളിൽ ചിത്രം പതിഞ്ഞിട്ടില്ല. ഇതിനിടെ തിങ്കളാഴ്ച പുലർച്ചെ ഉദയഗിരി ടവർ ജങ്ഷനിൽ 2 കടുവകളെ കണ്ടെന്ന് ബൈക്ക് യാത്രികൻ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ രാത്രി 10 മണിയോടെ ഇരട്ടയാർ വെട്ടിക്കാമറ്റത്തിന് സമീപം റോഡരികിൽ മറ്റൊരാളും കടുവയെ കണ്ടത്. ചെമ്പകപ്പാറ സ്വദേശിയായ ജോഷിയാണ് ഓട്ടോറിക്ഷയിൽ വരുന്നതിനിടെ കടുവ അടുത്തുള്ള റബർ തോട്ടത്തിലേയ്ക്ക് നടന്നു നീങ്ങുന്നത് കണ്ടത്. വനപാലകർ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.കഴിഞ്ഞ ദിവസം കടുവ സാന്നിധ്യം സംശയിക്കപ്പെട്ട അടയാളക്കല്ലിന്റെ താഴ്ഭാഗമാണ് വെട്ടിക്കാമറ്റം കവല ,ഇവിടെ റോഡരികിലും കൃഷിയിടത്തിലുമായി വന്യജീവിയുടെ കാൽപ്പാടുകളും പതിഞ്ഞിട്ടുണ്ട്.
