Asianet News MalayalamAsianet News Malayalam

കോഴിക്കോട് മാവോയിസ്റ്റ് സംഘടനയുടെ പേരിൽ വ്യാജ കത്ത്; രണ്ട് പേർ അറസ്റ്റിൽ


ഭീഷണികത്ത് അയച്ചതിനൊപ്പം ഇവര്‍ ഫോണില്‍ വിളിച്ചും ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. 

Letter in fake name of Maoist organization Two arrested at kozhikode
Author
Thiruvananthapuram, First Published Jul 20, 2021, 2:50 PM IST


കോഴിക്കോട്:  വ്യവസായികൾക്കും വൻകിട കോൺട്രാക്റ്റർക്കും പ്രമുഖ രാഷ്ട്രീയ നേതാവിനും മാവോയിസ്റ്റ് സംഘടനയുടെ വ്യാജ പേരിൽ കത്തയച്ച രണ്ട് പേർ അറസ്റ്റിൽ. പറോപ്പടി തച്ചംക്കോട് വീട്ടിൽ ഹബീബ് റഹ്മാൻ (46 വയസ്സ്), കട്ടിപ്പാറ കളത്തിങ്ങൽ ഷാജഹാൻ (43 വയസ്സ് ) എന്നിവരാണ് അറസ്റ്റിലായത്. മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചെന്ന പരാതിയില്‍ മൂന്ന് കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തത്. 

ഭീഷണികത്ത് അയച്ചതിനൊപ്പം ഇവര്‍ ഫോണില്‍ വിളിച്ചും ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. പ്രതികൾ പോകാൻ  സാധ്യതയുള്ള പ്രദേശങ്ങളെല്ലാം തന്നെ പോലീസിന്‍റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഷാജഹാൻ വാഹനവുമായി ഗോവയിലേക്ക് കടന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. അന്വേഷണം പിന്നീട്  ഹബീബ് റഹ്മാനിലേക്ക് നീങ്ങുകയുമായിരുന്നു. തുടർന്ന് ഇയാളെ സിവിൽ സ്റ്റേഷനടുത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. 

ഗോവന്‍ പൊലീസുമായി ബന്ധപ്പെട്ട അന്വേഷണ സംഘം അവിടെ നടത്തിയ അന്വേഷണത്തിൽ ഷാജഹാൻ  കോഴിക്കോട്ടേക്ക് തിരിച്ചതായി മനസിലാക്കി. തുടര്‍ന്ന് ഇയാളെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കത്ത് പോസ്റ്റ് ചെയ്യാൻ ഇവർ സഞ്ചരിച്ച ആഡംബര വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൺസ്ട്രക്ഷൻ മേഖലയിൽ വന്നിട്ടുള്ള വൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്നതിനായി ഉയർന്ന സാമ്പത്തിക നിലവാരമുള്ള വ്യക്തികൾക്ക് മാവോയിസ്റ്റ് സംഘടനകളുടെ പേരിൽ വ്യാജ ഭീഷണി കത്തുകൾ അയച്ച് പണം സമ്പാദിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇവർ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നിരവധി ചെക്ക് കേസുകളിൽ പ്രതിയായിട്ടുള്ള ഹബീബ് റഹ്മാനാണ് ഗൂഗിളിൽ സെർച്ച് ചെയ്ത് മാവോയിസ്റ്റ് പോസ്റ്ററുകളുടെ രീതി മനസ്സിലാക്കിയ ശേഷം മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ ഹബീബിന്‍റെ ഓഫീസിൽ വെച്ച് നാല് കത്തുകളും സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയത്. ഇതിനായി ബന്ധുവായ ഷാജഹാനെ കൂട്ടുപിടിക്കുകയുമായിരുന്നു.മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം ഹബീബും ഷാജഹാനും താമരശ്ശേരിയിൽ വച്ച് കണ്ടുമുട്ടി. കോഴിക്കോട് നിന്നും തന്‍റെ സ്വിഫ്റ്റ് കാറിലാണ് ഹബീബ് താമരശ്ശേരിയിൽ എത്തിയത്. അവിടെ നിന്നും പൊലീസിനെ കബളിപ്പിക്കാനായി ബെൻസ് കാറിൽ യാത്ര തുടര്‍ന്നു. പിന്നീട് ഷാജഹാൻ ചുണ്ടേൽ പോസ്റ്റ് ഓഫീസിൽ കത്തുകൾ പോസ്റ്റ് ചെയ്യുകയായിരുന്നു. 

കത്ത് പോസ്റ്റ് ചെയ്ത ശേഷം ഹബീബ് റഹ്മാൻ കോഴിക്കോട്ടെക്ക് തിരിച്ച് വരികയും അടുത്ത ദിവസം വീണ്ടും ചുണ്ടേൽ പോവുകയും കത്ത് ലഭിച്ചെന്ന് വ്യക്തത വരുത്തുന്നതിനായി  വ്യവസായിയെ വിളിച്ച് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. മൂന്ന് കത്തുകൾ കോഴിക്കോട് ജില്ലയിലും ഒരു കത്ത് മലപ്പുറം ജില്ലയിലെ രാഷ്ട്രീയ പ്രമുഖനുമായിരുന്നു. നാല് പേരിൽ നിന്നുമായി പതിനൊന്നു കോടി രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. നേരിട്ട് വയനാട്ടിലേക്ക് യാത്ര ചെയ്യാതിരുന്നതിനാലും യാത്രയ്ക്കിടെ വാഹനങ്ങൾ മാറ്റിയതിനാലും പൊലീസിന് പിടിക്കാൻ കഴിയില്ലെന്നാണ് ഹബീബ് ഷാജഹാനോട് പറഞ്ഞത്.

അസിസ്റ്റൻറ് കമ്മീഷണർ ടി.പി ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, എന്നിവരെ കൂടാതെ ഡി.സി.ബിയിലെ സബ്ബ് ഇൻസ്പെക്ടർമാരായ പി.അബ്ദുൾ അസീസ്, കെ സി നിർമ്മലൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ വി.സൂരജ് കുമാർ എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

 

Follow Us:
Download App:
  • android
  • ios