ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിനുള്ളിൽ താക്കോലുമായി കയറിയ ഒന്നര വയസുകാരൻ കുടുങ്ങി. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി രക്ഷിച്ചു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം
പത്തനംതിട്ട: കാറിനുള്ളിൽ കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷകരായി അഗ്നിശമസേന. പുറമറ്റം പഞ്ചായത്തിലെ പടുതോട്ടിൽ തേക്കനാൽ വീട്ടിൽ കിരൺ റ്റി മാത്യുവിന്‍റെ മകൻ ഇവാൻ ആണ് കാറിനുള്ളിൽ അകപ്പെട്ടത്. വീട്ടിലെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിനുള്ളിൽ താക്കോലുമായി കയറിയ ഇവാൻ ഉള്ളിൽ അകപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കാറിനുള്ളിൽ അകപ്പെട്ട കുട്ടിയെ രക്ഷിക്കാൻ മാതാവ് അനീറ്റ അടക്കം ശ്രമിച്ചു. ശ്രമങ്ങൾ ഫലം കാണാതായതോടെ ആണ് തിരുവല്ലയിലെ അഗ്നി ശമനസേന ഓഫീസിൽ വിവരം അറിയിച്ചത്. തുടർന്ന് രണ്ട് യൂണിറ്റ് വാഹനം സ്ഥലത്തെത്തി. ഗ്ലാസ് കാച്ചർ എന്ന ഉപകരണത്തിന്‍റെ സഹായത്താൽ ഗ്ലാസ് വലിച്ചു താഴ്ത്തിയ ശേഷം കുട്ടിയെ സുരക്ഷിതമായി പുറത്തിറക്കി.
കിഴക്കഞ്ചേരിയിലും ഫയർഫോഴ്സ് രക്ഷാപ്രവർത്തനം
കിഴക്കഞ്ചേരി വാൽകുളമ്പിൽ കിണറ്റിൽപ്പെട്ട പോത്തിനെ രക്ഷപ്പെടുത്തി വടക്കഞ്ചേരി അഗ്നിരക്ഷാസേന. ഇന്ന് രാവിലെയാണ് പോത്ത് കിണറ്റിൽ പെട്ടത്. വെട്ടിക്കൽ ശകുന്തളയുടെ ഒരു വയസോളം പ്രായമുള്ള പോത്താണ് കിണറ്റിൽ അകപ്പെട്ടത്. പിന്നീട് വടക്കഞ്ചേരി രക്ഷാസേന എത്തി ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തുകയായിരുന്നു. ഏകദേശം 20 അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്ന് കുടിവെള്ളം ഉപയോഗിക്കുന്നുമുണ്ട്.


