കൽപ്പറ്റ: മുത്തങ്ങ വഴി കടന്നു പോകുന്ന ദേശീയപാത 766-ന് ബദൽപാത നിർദേശിച്ച് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ പേരിൽ ഗതാഗതമന്ത്രിക്ക് കത്തയച്ചത് യാഥാർഥ്യമാണെന്ന് വ്യക്തമായതോടെ ജില്ലയിലെ യു.ഡി.എഫ് നേതൃത്വം പരുങ്ങലിൽ. ദേശീയപാത അടക്കുന്നതിനെതിരെ നടന്ന സമരങ്ങളിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അടക്കമുള്ള യു.ഡി.എഫ് നേതാക്കൾ സജീവമായിരുന്നു. എന്നാൽ രാത്രിയാത്രാ നിരോധനത്തിനെതിരെ എല്ലാ സംഘടനകളുംചേർന്ന് രൂപവത്കരിച്ച ദേശീയപാത 766 ഗതാഗതസംരക്ഷണ കർമ സമിതിയുടെ ചെയർമാൻ സ്ഥാനം രാജിവെച്ച ഐ.സി. ബാലകൃഷ്ണൻ പുതിയ കർമസമിതി രൂപവത്കരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ കത്ത് പുറത്തായത്.

രാത്രിയാത്രാ നിരോധന കേസിൽ, സുപ്രീം കോടതിയിൽ സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ കരട് സത്യവാങ്മൂലത്തിൽ വള്ളുവാടി-ചിക്കബർഗി ബദൽ പാത ഉൾപ്പെടുത്തണമെന്ന് നിർദേശിച്ച് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. കത്ത് നൽകിയതിനെതിരെ സി.കെ. ശശീന്ദ്രൻ എം.എൽ.എ. അടക്കമുള്ളവർ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. എന്നാൽ സത്യവാങ്മൂലത്തിൽ ബദൽപാത ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആർക്കും പരാതിയോ കത്തോ നൽകിയിട്ടില്ലെന്നും, ഉണ്ടെങ്കിൽ അത് ജനങ്ങളെ കാണിക്കണമെന്നും ഐ.സി ബാലകൃഷ്ണൻ വെല്ലുവിളിച്ചിരുന്നു. എന്നാൽ ഞായറാഴ്ചയോടെ എല്ലാം തകിടംമറിഞ്ഞു. മന്ത്രിയുടെ ഓഫീസ് വഴി കത്ത് നൽകിയിട്ടുണ്ടെന്ന് വ്യക്തമായി.

തന്റെപേരിൽ മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അത് ഓഫീസിൽ സംഭവിച്ചപിഴവാണെന്നും എം.എൽ.എക്ക് തന്നെ  സമ്മതിക്കേണ്ടി വന്നു. തുടർന്ന്, നിർദേശത്തിന് വിരുദ്ധമായി കത്തയച്ച ഓഫീസ് സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ ബെന്നി കൈനിക്കലിനെ സസ്പെൻഡ് ചെയ്തു. ബദൽപാത നിർദേശിച്ച് തന്റെ പേരിൽ കത്തയച്ചിട്ടുണ്ടെന്ന് ഐ.സി. ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കിയതോടെ സാമൂഹികമാധ്യമങ്ങളിലും എം.എൽ.എക്കെതിരെ വലിയ വിമർശനമുയരുന്നുണ്ട്. ദേശീയപാതയ്ക്ക് ബദൽ ഇല്ലെന്ന് ആവർത്തിച്ച് പറഞ്ഞിരുന്ന ഐ.സി. ബാലകൃഷ്ണൻ ബദൽപാത നിർദേശങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിച്ചിരുന്നു. ഇതിന് മറുപടി നൽകാൻ വീണ് കിട്ടിയ സുവർണാവസരമാണ് കത്ത് പുറത്തായതോടെ സി.പി.എം ജില്ല നേതൃത്വത്തിന് കൈവന്നിരിക്കുന്നത്. 

ദേശീയപാത 766 ഗതാഗത സംരക്ഷണസമിതി ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ്, ഐ.സി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സർവകക്ഷിസംഘം മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകാൻ തിരുവനന്തപുരത്ത് പോയിരുന്നു. ഈ നിവേദനത്തിൽ ആരുമറിയാതെ വള്ളുവാടി-ചിക്കുബർഗി പാത ബദലായി ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നുവെന്നാണ് ആരോപണം. എം.എൽ.എ.യുടെ മൗനാനുവാദത്തോടെ ഒരു അഭിഭാഷകനാണ് ഈ നിവേദനം തയ്യാറാക്കിയിരുന്നതെന്ന് ദേശീയപാത 766 ഗതാഗത സംരക്ഷണ കർമസമിതി കൺവീനർ സുരേഷ് താളൂർ ആരോപിച്ചു. ബത്തേരി നഗരസഭാ മുൻ ചെയർമാൻ സി.കെ. സഹദേവന്റെ പ്രതിഷേധത്തെ തുടർന്നാണ് ആ ഭാഗം നിവേദനത്തിൽനിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എം.എൽഎ. വയനാട്ടുകാരോട് മാപ്പുപറഞ്ഞ്,  തൽസ്ഥാനം രാജിവെക്കണമെന്ന് കർമസമിതി ആവശ്യപ്പെട്ടു.