ലൈഫ് മിഷൻ കോഴ ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രൻ എത്തിയിരിക്കുന്നത്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻ സി എം രവീന്ദ്രൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് മുന്നിൽ ഹാജരായി. കൊച്ചിയിൽ ഇഡി ഓഫീസിലാണ് ഇന്ന് രാവിലെ അദ്ദേഹം എത്തിയത്. മാധ്യമങ്ങളെ കൈ വീശി കാണിച്ച് ഇഡി ഓഫീസിലേക്ക് സിഎം രവീന്ദ്രൻ പ്രവേശിച്ചു. ലൈഫ് മിഷൻ കേസിലെ കോഴ ഇടപാടുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രൻ എത്തിയിരിക്കുന്നത്. ചോദ്യം ചെയ്യാനായി ഇഡി ഇദ്ദേഹത്തിന് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നു. നിയമസഭ നടക്കുന്നതിനാൽ എത്താനാകില്ലെന്നറിയിച്ച് കഴിഞ്ഞയാഴ്ച സി എം രവീന്ദ്രൻ നോട്ടീസിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച് സിഎം രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ ഉണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുളള വാട്സ് ആപ് ചാറ്റുകളിൽ രവീന്ദ്രനെപ്പറ്റി പരാമർശങ്ങളുണ്ട്.

സ്വപ്ന ജോലിക്കായി മുഖ്യമന്ത്രിയെ കണ്ടെന്ന് സൂചിപ്പിക്കുന്ന, സ്വപ്നയും ശിവശങ്കറും തമ്മിലെ ചാറ്റുകൾ പുറത്ത് വന്നിരുന്നു. 2019ൽ നോർക്കയുടെ കീഴിൽ തുടങ്ങാനിരുന്ന നിക്ഷേപ കമ്പനിയിലേക്ക് എംബിഎ ബിരുദധാരിയെ ആവശ്യമുണ്ടെന്ന് നോർക്ക സിഇഒ ശിവശങ്കർ അടക്കമുള്ളവരുമായുള്ള ചർച്ചയിൽ പറഞ്ഞിരുന്നു. സ്വപനയുടെ പേര് താൻ നിർദ്ദേശിച്ചെന്നും അത് അവരെല്ലാവരും അംഗീകരിച്ചെന്നും നാളെ ഇക്കാര്യം മുഖ്യമന്ത്രിയെ കണ്ട് അറിയിക്കാമെന്നുമാണ് 2019 ജൂലൈ 8 ന് നടത്തിയ ചാറ്റിൽ ശിവശങ്കർ പറയുന്നത്.

കോൺസുലേറ്റിലെ ജോലി രാജി വെച്ച ഘട്ടത്തിലായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണം. ഹൈദരാബാദിലേക്ക് സ്വപ്നയുടെ സ്ഥലം മാറ്റത്തിന് പിന്നിൽ യൂസഫലി ആണെന്ന് താൻ സിഎം രവീന്ദ്രനോട് പറഞ്ഞിരുന്നു. സ്വപ്നയുടെ രാജി വിവരം കേട്ട് സിഎം രവീന്ദ്രൻ ഞെട്ടി. നോർക്കയിലെ ജോലിയ്ക്കും എതിർപ്പുണ്ടാകില്ലേയെന്ന് തന്നോട് സിഎം രവീന്ദ്രൻ ചോദിച്ചതായും ശിവശങ്കർ പറയുന്നുണ്ട്. എന്നാൽ സ്വപ്ന മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചെന്നും അദ്ദേഹത്തിന് പശ്ചാത്തലം ബോധ്യപ്പെട്ടിട്ടുണ്ടെന്നും ശിവശങ്കർ സിഎം രവീന്ദ്രനെ അറിയിച്ചതായും സ്വപ്നയോട് പറയുന്നുണ്ട്. ചാറ്റുകൾ പുറത്ത് വന്നതിന് പിറകെ മുഖ്യമന്ത്രിയാണ് പച്ചക്കള്ളം പറയുന്നതെന്ന് സ്വപ്ന സുരേഷ് പ്രതികരിച്ചു.