Asianet News MalayalamAsianet News Malayalam

നൂറാംവയസ്സില്‍ പത്മശ്രീ, 98ല്‍ സിനിമാഭിനയം, 99ല്‍ വിദേശയാത്ര; അപൂര്‍വ്വതകളുമായി ഈ കലാജീവിതം

കലയുടെ പുരോഗതി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മന്ത്രം. 98-ാം വയസ്സില്‍ സിനിമാഭിനയവും 99ല്‍ വിദേശയാത്രയും നടത്തിയ ഗുരുവിന്റെ ജീവിതം വ്യത്യസ്ഥവും അനുകരണീയവുമാണ്.

life of Chemancheri Kunhiraman Nair kathakali maestro is filled with unexpected things
Author
Kozhikode, First Published Mar 15, 2021, 11:01 AM IST

അപൂര്‍വ്വതകള്‍  നിറങ്ങതാണ് നൂറാം വയസ്സില്‍ പത്മശ്രീ പുരസ്‌ക്കാരം ലഭിച്ച കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ജീവിതം. പൂര്‍ണ്ണമായും കലയ്ക്കായി മാറ്റിവെച്ചതായിരുന്നു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ജീവിതം. ജീവിതാവസാനം വരെയും കലയുടെ പുരോഗതി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മന്ത്രം. 98-ാം വയസ്സില്‍ സിനിമാഭിനയവും 99ല്‍ വിദേശയാത്രയും നടത്തിയ ഗുരുവിന്റെ ജീവിതം വ്യത്യസ്ഥവും അനുകരണീയവുമാണ്.

ആട്ടവിളക്കിലെ നിറദീപം

കഥകളിക്കായി ജീവിതം സമര്‍പ്പിച്ച ഗുരുവിന് നൂറ്റാണ്ട് പിന്നിട്ട ഇദ്ദേഹത്തിന്റെ ഓരോ ദിവസവും തുടങ്ങുന്നത് കഥകളിയുടേയും നൃത്തത്തിന്റേയും ചുവടുകള്‍ തലമുറകള്‍ക്ക് പകര്‍ന്നുകൊണ്ടുള്ള കലാസപര്യയിലൂടെയാണ്. ശാരീരിക അവശതകളെ കലാനൈപുണ്യം കൊണ്ട് പരാജയപ്പെടുത്തി കൊണ്ടുള്ള ഗുരുവിന്റെ പ്രയാണം ഏവരെയും അത്ഭുതപ്പെടുത്തും. 99-ാം വയസ്സില്‍ ആട്ടവിളക്കിന് മുന്‍പില്‍ സര്‍വ്വാഭരണ വേഷമണിഞ്ഞ് കഥകളിയാടിയ ഈ കലാകാരനെ പോലെ മറ്റൊരാള്‍ ഇതിന് മുന്‍പ് ഉണ്ടായിരിക്കാന്‍ ഇടയില്ല. 15-ാം വയസ്സില്‍ തുടങ്ങിയ കലാതപസ്യ ജീവിതസായന്തനത്തിലും കാത്തുസൂക്ഷിക്കാനാകുന്നത് ചിട്ടയായ ജീവിതചര്യകൊണ്ടു മാത്രമാണെന്നാണ് ഗുരു ചേമഞ്ചേരി ഒരിക്കല്‍ പറഞ്ഞത്.

life of Chemancheri Kunhiraman Nair kathakali maestro is filled with unexpected things

കഥകളി ജീവിതം

കഥകളിയെന്ന കലാരൂപത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണ് കുഞ്ഞിരാമന്‍ എന്ന കുട്ടിയെ നാടുവിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചത്. അപ്പുക്കുട്ടി നമ്പ്യാര്‍ നടത്തിയിരുന്ന മേപ്പയ്യൂര്‍ കീഴ്പയ്യൂര്‍ രാധാകൃഷ്ണ കഥകളി യോഗത്തിലെത്തി ഗുരു കരുണാകരമേനോന്റെ ശിക്ഷണത്തില്‍ കഥകളി ചുവടുകള്‍ ഉറപ്പിക്കുന്നു. തുടര്‍ന്നങ്ങോട്ട് കഥകളിക്കായി സമര്‍പ്പിച്ച ജീവിതമായിരുന്നു ഗുരു ചേമഞ്ചേരിയുടേത്. കഠിനപ്രയത്‌നം ഇദ്ദേഹത്തെ ഉത്തരമലബാറിലെ മണ്‍മറിഞ്ഞുപോയ പല കഥകളി യോഗങ്ങളിലേയും നിറസാന്നിധ്യമാക്കി മാറ്റി. ഗാന്ധിജിയുടെ പ്രശംസ ഏറ്റുവാങ്ങിയ കൗമുദി ടീച്ചറുടെ പ്രേരണയില്‍ നൃത്തരംഗത്തും ഗുരു ചുവടുവെച്ചു. കലാമണ്ഡലം മാധവന്‍, സേലം രാജരത്‌നപിള്ള, മദ്രാസ് ബാലചന്ദ്രസരസ്വതിഭായ് തുടങ്ങിയവരുടെ കീഴില്‍ ഭരതനാട്യവും ഇദ്ദേഹം സ്വായത്തമാക്കി. കണ്ണൂരിലും തലശ്ശേരിയിലും ഭാരതീയ നൃത്ത വിദ്യാലയങ്ങള്‍ ആരംഭിച്ച് കഥകളി, നൃത്ത മേഖലയില്‍ സജീവമായി. അതിനിടെ സര്‍ക്കസ് സംഘത്തോടൊപ്പം ദക്ഷിണേന്ത്യ പര്യടനം നടത്തി. ഗുരു ഗോപിനാഥനൊപ്പം കേരളനടനത്തിനും തുടക്കംകുറിച്ചു. 1974ല്‍ സ്വന്തം നാടായ ചേമഞ്ചേരിയില്‍  പുക്കാട് കലാലയത്തിനും 1983ല്‍ ചേലിയ കഥകളി വിദ്യാലയത്തിനും ഇദ്ദേഹം തുടക്കം കുറിച്ചു. കോഴിക്കോട്ടെയും സമീപ ജില്ലകളിലേയും പുതുതലമുറയെ കലാരംഗത്ത് സജീവമാക്കുന്നതില്‍ ഈ രണ്ട് കലാസ്ഥാപനങ്ങളും മികച്ച പങ്കാണ് വഹിച്ചുവരുന്നത്. ഓരോ സ്‌കൂള്‍ കലോത്സവങ്ങളിലും കഥകളിയില്‍ തിളങ്ങുന്നവരില്‍ മിക്കവരും ഇവിടെത്തെ സംഭാവനയാണ്. നടന്‍ വിനീത് ഉള്‍പ്പെടെ ഗുരുവിന്റെ ശിഷ്യരാണ്. കുട്ടികള്‍ക്കായി സ്‌കൂള്‍ തിയറ്ററും ഗുരു തുടക്കം കുറിച്ചിട്ടുണ്ട്.

 

ഇഷ്ടവേഷം കൃഷ്ണന്‍

ആട്ട വിളക്കിന് മുന്‍പില്‍ ഏറ്റവും കൂടുതല്‍ തവണ കൃഷ്ണ വേഷം ആടിത്തിമര്‍ത്ത കലാകാരനാണിത്. ഇഷ്ടവേഷം ഏതെന്ന് ചോദിച്ചാല്‍ കൃഷ്ണനെന്നല്ലാതെ മറ്റൊരു മറുപടിയുമില്ല ഇദ്ദേഹത്തിന്. ദുരോധന വധം ആട്ടകഥയിലെ കൃഷ്ണന്റെ ഭാവങ്ങള്‍ ചുവടുകളിലും മുദ്രകളിലും നിറച്ച് ഇദ്ദേഹമാടുമ്പോള്‍ സദസ്യര്‍ പ്രശംസയുടെ കരഘോഷം മുഴക്കും.
98-ാം ജന്മദിനാഘോഷം കോഴിക്കോട് തളി ജൂബിലിഹാളില്‍ നടന്നപ്പോള്‍ ശിഷ്യര്‍ക്കും ബന്ധുക്കള്‍ക്കും സഹൃദയര്‍ക്കും മുന്നില്‍ ഗുരു ദുര്യോധനവധത്തിലെ കൃഷ്ണനായി ആട്ടവിളക്കിന് മുന്‍പിലെത്തിയത് ഏവരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. വാര്‍ദ്ധക്യത്തെ അതിജീവിച്ച ഇദ്ദേഹത്തിന്റെ അന്നത്തെ ചുവടുകളും മുദ്രകളും സദസ്യരുടെ മനസിലെ മായാനിറച്ചിത്രങ്ങളാണ്. ഇതിന് നാല് മാസംമുന്‍പും ഗുരു ചേമഞ്ചേരി വേഷവും ആടയാഭരണങ്ങളും അണിഞ്ഞ് വേദിയിലെത്തി ഏവരെയും അമ്പരപ്പിച്ചിരുന്നു. കൊളത്തൂര്‍ വല്ലോറക്കാവ് ക്ഷേത്രത്തിലെ വേദിയില്‍ കിരാതത്തിലെ ശിവന്റെ വേഷമാണ് അന്ന് ഗുരു അവതരിപ്പിച്ചത്. കഥകളിയിലെ നവരസങ്ങളും ചുവടുകളും മിക്ക ദിവസങ്ങളിലും ഇദ്ദേഹം തലമുറകള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചു കൊണ്ടേയിരുന്നു. ശൃംഗാരം, വീരം, കരുണം, അത്ഭുതം, ഹാസ്യം, ഭയനാകം, ഭീവത്സ്യം, രൗദ്രം, ശാന്തം എന്നീ ഭാവങ്ങള്‍ ഞൊടിയിടയില്‍ ഗുരുമുഖത്ത് തെളിയും.

 

98ല്‍ സിനിമാഭിനയം, 99ല്‍ വിദേശയാത്ര

എണ്ണിയാല്‍ ഒടുങ്ങാത്ത വേദിയില്‍ കഥകളിയും നൃത്തവും അവതരിപ്പിച്ച ശ്രദ്ധേയനായ ഗുരുവിന്റെ ജീവിതം തന്നെ ഒരു റെക്കോഡാണ്. 98-ാം വയസ്സില്‍ സിനിമയില്‍ അഭിനയിക്കുകയും 99-ാം വയസ്സില്‍ വിദേശയാത്ര നടത്തുകയും ചെയ്ത അപൂര്‍വ്വവ്യക്തിത്വമാണ് ഇദ്ദേഹം. പി.കെ. രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത മുഖംമൂടികള്‍ എന്ന സിനിമയിലാണ് ഗുരു വേഷമിടുന്നത്. കഥകളി ആചാര്യന്റെ വേഷത്തിലായിരുന്നു സിനിമാ അഭിനയം. സിനിമയിലെ ഗംഗാധരന്‍ നായര്‍ എന്ന നായകകഥാപാത്രം ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ കൈയില്‍ ഭദ്രം. 2015 ജൂണ്‍മാസത്തില്‍ ആദ്യ വിദേശയാത്ര നടത്തിയും ഗുരു ശ്രദ്ധകവര്‍ന്നു. ബഹ്‌റിനില്‍ നട ന്ന കൊയിലാണ്ടി കൂട്ടായ്മയുടെ നാലാം വാര്‍ഷികവും ഗ്ലോബല്‍ മീറ്റും ഉദ്ഘാടനം ചെയ്യാനാണ് വിമാനയാത്ര നടത്തിയത്. അവിടെത്തെ വേദിയിലും കലാരംഗം നല്‍കുന്ന സഹവര്‍ത്തിത്വത്തിന്റെ മികവായിരുന്നു ഗുരു സംസാരിച്ചത്.

life of Chemancheri Kunhiraman Nair kathakali maestro is filled with unexpected things

 

ഗുരു ജന്മം


1916 ജൂണ്‍ 26ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ ചെങ്ങോട്ടുക്കാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ എന്ന ഗ്രാമത്തിലാണ് ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ജനിക്കുന്നത്. 1091 മിഥുനമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ് ജനനം. പരേതരായ മടയന്‍കണ്ടി ചാത്തുകുട്ടി നായരുടെയും കിണറ്റുംകര തറവാട്ടംഗം കുഞ്ഞമ്മക്കുട്ടി അമ്മയുടെയും മകനായി പിറവിയെടുത്ത ഇദ്ദേഹം നാലാം ക്ലാസുവരെ വീട്ടിനടത്തുള്ള ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്‌കൂളില്‍ പഠനം നടത്തിയത്. പരേതയായ ജാനകി ഭാര്യയും പവിത്രന്‍ മകനുമാണ്. ജീവിത ദുരിതങ്ങളെ കലാസപര്യ കൊണ്ട് അതിജീവനം നടത്തിയാണ് ഗുരു മുന്നേറിയത്. രണ്ടര വയസ്സുള്ളപ്പോള്‍ മാതാവും 13-ാം വയസില്‍ പിതാവും 36-ാം വയസ്സില്‍ ഭാര്യയും ഇദ്ദേഹത്തിന് നഷ്ടമായി. സ്വകാര്യ ദുഃഖങ്ങളെയെല്ലാം മാറ്റിവെച്ച് കഥകളിയുടേയും നൃത്തത്തിന്റെയും ഉന്നമനത്തിനായി ജീവിതം സമര്‍പ്പിക്കുകയായിരുന്നു ഇദ്ദേഹം. ഗുരുനാഥന്‍ കരുണാകരമേനോനെ പോലെ അരങ്ങില്‍ വെച്ച് തന്നെ ജീവിതം അവസാനിക്കണമെന്നാണ് ഗുരുചേമഞ്ചേരിയുടെയും ആഗ്രഹം. കുചേലവൃത്തം ആടുമ്പോള്‍ കൃഷ്ണനായി വേഷമിട്ട ഗുരു ചേമഞ്ചേരിയുടെ മടിയില്‍ കിടന്നാണ് കുചേല വേഷമിട്ട ഗുരുനാഥന്‍ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞത്. അസുഖബാധിതനായി ശയ്യാവലംബിയാക്കരുതെന്ന പ്രാര്‍ത്ഥനയില്‍ ജീവിതാവാസനം വരെ കലാരംഗത്ത് സജീവമായാണ് ഗുരു ചേമഞ്ചേരി അരങ്ങൊഴിഞ്ഞത്. ആരോടും ഒന്നും ചോദിക്കാതെ ആഗ്രഹിക്കാതെ കലഹിക്കാതെ കലയുടെ ഉന്നമനത്തിനായുള്ളതായിരുന്നു ഗുരു പ്രയാണം. ഒരു നിയോഗം പോലെ നടത്തിയ ജീവിതമാണ് അട്ടവിളക്ക് വിട്ടൊഴിയുന്നത്.

Follow Us:
Download App:
  • android
  • ios