ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് ഇടുക്കിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അസ്വാരസ്യം. ഡിസിസി പ്രസിഡന്റ് സ്ഥാനമൊഴിയണമെന്നാവശ്യപെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം ശക്തമായി. ഇഷ്ടക്കാര്‍ക്ക് സീറ്റ് വീതിച്ച് നല്‍കിയത് കനത്ത പരാജയത്തിനിടയാക്കിയെന്ന് ചിലര്‍ ആരോപിച്ചു. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കി ഹൈറേഞ്ചില്‍ കനത്ത തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. വണ്ടന്‍മേട്, പാമ്പാടുംപാറ തുടങ്ങിയ യുഡിഎഫ് കോട്ടകള്‍ ഇടതുപക്ഷം പിടിച്ചെടുത്തു. കഴിഞ്ഞ തവണ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളും യുഡിഎഫാണ് ഭരിച്ചത്. ഇത്തവണ ഒരു പഞ്ചായത്ത് പോലും നേടാനായില്ല. കരുണാപുരത്ത് ഒപ്പത്തിനൊപ്പം എത്തിയത് മാത്രമാണ് ഏക ആശ്വാസം. 

കോണ്‍ഗ്രസിന്റെ ജില്ലയിലെ ഏറ്റവും ശക്തമായ കേന്ദ്രങ്ങളിലൊന്നായ പാമ്പാടുംപാറ നഷ്ടപെട്ടത് അണികളില്‍ വലിയ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ സ്വന്തം പഞ്ചായത്ത് ആണിത്. ശക്തി കേന്ദ്രമായ സ്വന്തം പഞ്ചായത്ത് പോലും സംരക്ഷിയ്ക്കാനായില്ല എന്ന ആരോപണമാണ് അണികള്‍ക്കിടയില്‍ ഉയരുന്നത്. പാര്‍ട്ടിയെ ജില്ലയില്‍ നയിക്കുന്നവര്‍ തല്‍സ്ഥാനത്ത് നിന്ന് മാറി നിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. പല വാര്‍ഡുകളിലും ജില്ലാ, ബ്ലോക്ക് ഡിവിഷനുകളിലും ഇഷ്ടക്കാരെ നിര്‍ത്തിയത് പരാജയത്തിന് ഇടയാക്കിയതായാണ് ആരോപണം. 

സ്ഥാനാര്‍ത്ഥിയുടെ വിജയ സാധ്യതയോ പ്രാദേശിക ഘടകങ്ങളുടെ താല്‍പര്യങ്ങളോ സംരക്ഷിച്ചല്ല സീറ്റുകള്‍ വിഭജിച്ച് നല്‍കിയത്. അണികള്‍ ഇല്ലാത്ത ഘടക കക്ഷികള്‍ക്ക് സീറ്റുകള്‍ വിട്ടു നല്‍കിയത് നെടുങ്കണ്ടം പോലുള്ള പഞ്ചായത്തുകളില്‍ ഭരണം നഷ്ടമാക്കാന്‍ ഇടയാക്കി. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണമാണ് നടക്കുന്നത്.