കല്‍പ്പറ്റ: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തൊട്ടാകെ ഇടത് തരംഗമുണ്ടായെങ്കിലും പലതവണ ഒപ്പം നിന്ന നൂല്‍പ്പുഴ പഞ്ചായത്ത് ഇടതുപക്ഷത്തിന് നഷ്ടമായതിന്റെ സങ്കടത്തിലാണ് പ്രവര്‍ത്തകര്‍. അനായാസം ഭരണം നിലനിര്‍ത്താന്‍ കഴിയുമായിരുന്നിട്ടും പാര്‍ട്ടിയിലെ തന്നെ പടലപിണക്കങ്ങളും സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങളുമാണ് വിജയം പ്രതീക്ഷിച്ച വാര്‍ഡുകള്‍ പോലും നഷ്ടപ്പെടാന്‍ കാരണമായത്. അതേ സമയം ഭരണത്തിന്റെ അവസാന വര്‍ഷങ്ങളില്‍ പഞ്ചായത്ത് ഭരണസമിതിയുടെ ചില നിലപാടുകളില്‍ പാര്‍ട്ടിയിലുള്ളവര്‍ തന്നെ അസംതൃപ്തരായിരുന്നു. 

2015ല്‍ 12 സീറ്റ് നേടി അധികാരത്തില്‍ വന്നതായിരുന്നു ഇടതുപക്ഷമെങ്കിലും ഇത്തവണ ലഭിച്ചതാകട്ടെ വെറും എഴ് സീറ്റുകളാണ്. ഇതില്‍ ഒരു സീറ്റ് 13-ാം വാര്‍ഡില്‍ നിന്ന് മത്സരിച്ച എല്‍.ജെ.ഡി സ്ഥാനാര്‍ഥിയുടെതാണ്. മറ്റൊന്ന് എല്‍.ഡി.എഫ് സ്വതന്ത്രയായാണ് മത്സരിച്ചത്. 

ഉറച്ച വാര്‍ഡുകളെല്ലാം കൈവിടാന്‍ കാരണം പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളാണെന്ന് തെളിയിക്കുന്നതാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍. നാലാം വാര്‍ഡിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ ചൊല്ലിയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ലോക്കല്‍ കമ്മിറ്റി അംഗമായ സണ്ണി 17-ാം വാര്‍ഡില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും 17 സംവരണ വാര്‍ഡ് ആയപ്പോള്‍ നാലില്‍ നിന്ന് മത്സരിക്കാനിരിക്കുകയായിരുന്നു. പാര്‍ട്ടിയെ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും മുന്‍ പഞ്ചായത്ത് പ്രസിഡന്റും മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗവുമായ എ കെ കുമാരനെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സണ്ണി വിമത സ്ഥാനാര്‍ഥിയായി രംഗത്തെത്തിയതോടെ അദ്ദേഹം പാര്‍ട്ടിയില്‍ നിന്നു പുറത്തായി. 

എല്ലാവരും ഉറ്റുനോക്കിയ മത്സരത്തിനൊടുവില്‍ ഫലം വന്നപ്പോള്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ എ കെ കുമാരന്‍ മൂന്നാംസ്ഥാനാത്തായി. വിമതനായ സണ്ണി 116 വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായിട്ട് കൂടി എ.കെ. കുമാരന് ലഭിച്ചതാകട്ടെ വെറും 165 വോട്ടുകളാണ്. 320 വോട്ട് നേടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണിവിടെ രണ്ടാംസ്ഥാനത്തുള്ളത്. ബി.ജെ.പിക്ക് വലിയ മുന്നേറ്റം കാഴ്ച വെക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ തവണ ലഭിച്ചതില്‍ നിന്ന് എഴ് വോട്ടുകള്‍ മാത്രമാണ് അവര്‍ക്ക് അധികം നേടാനായത്. സണ്ണിക്കും കുമാരനും അപരസ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ ആകെ നേടിയത് 64 വോട്ടുകളാണ്. നാലാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മൂന്നാമത് എത്താന്‍ കാരണമായ പ്രശ്നങ്ങല്‍ മേല്‍ഘടകം അന്വേഷിച്ചേക്കും. കഴിഞ്ഞ ഭരണസമിതിയില്‍ പ്രസിഡന്റായിരുന്ന കെ. ശോഭന്‍കുമാര്‍ ഇത്തവണ ചീരാല്‍ ജില്ല പഞ്ചായത്ത് ഡിവിഷനില്‍ നിന്നാണ് ജനവിധിയ തേടിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ അമല്‍ജോയിയോട് പരാജയപ്പെട്ടു. ഉദ്യോഗസ്ഥ ഭരണമെന്ന ആരോപണം നൂല്‍പ്പുഴ പഞ്ചായത്തിനെതിരെയുണ്ടായിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റും കാലതാമസമെടുക്കുന്നുവെന്ന പരാതിയും ഉണ്ടായിരുന്നു.

വാര്‍ഡ് 17-ല്‍ 2015-ല്‍ 13 വോട്ടിന് മാത്രമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചത്. ഇത്തവണ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷമാകട്ടെ 225 വോട്ടാണ്. 173- വോട്ടിന്റെ ഭൂരിപക്ഷത്തോടെ 2015-ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ച വാര്‍ഡായിരുന്നു 15. ഇത്തവണ 50 വോട്ടെങ്കിലും അധികം നേടി വിജയിക്കാമെന്ന കണക്ക്കൂട്ടലിലായിരുന്നു പാര്‍ട്ടിയെങ്കിലും 12 വോട്ട് അധികം നേടി യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയം കൈക്കലാക്കി. പഞ്ചായത്തില്‍ പാര്‍ട്ടിക്ക് ശക്തിയുള്ള ഇടം കൂടിയാണ് 15 -ാം വാര്‍ഡായ തേലമ്പറ്റ. കഴിഞ്ഞ തവണ 3 വോട്ടിനെങ്കിലും വിജയിച്ച 11-ാം വാര്‍ഡായ തിരുവണ്ണൂര്‍ ഇത്തവണ ബി.ജെ.പി പിടിച്ചെടുത്തു. പഞ്ചായത്തില്‍ ബി.ജെ.പിക്ക് വിജയിച്ച ഏക വാര്‍ഡാണ് തിരുവണ്ണൂര്‍. 46 വോട്ടിനാണ് ഇവിടെ എല്‍.ഡി.എഫ് രണ്ടാംസ്ഥാനത്ത് ആയിപോയത്. കഴിഞ്ഞ പ്രസിഡന്റ് ശോഭന്‍കുമാര്‍ മത്സരിച്ച വാര്‍ഡ് ഇത്തവണ കോണ്‍ഗ്രസ് പിടിച്ചെടുത്തു. 63 വോട്ടിനായിരുന്നു 2015-ല്‍ ശോഭന്‍കുമാറിന്റെ വിജയമെങ്കില്‍ ഇത്തവണ 64 വോട്ട് നേടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ജയിച്ചുകയറിയത്. 

ഒമ്പതാം വാര്‍ഡായ പൊന്‍കുഴി ഇത്തവണയും എല്‍.ഡി.എഫിനൊപ്പം നിന്നെങ്കിലും 46 വോട്ടാണ് അധികമായി ലഭിച്ചത്. 2015-ല്‍ 171 വോട്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പുഷ്പ ഭാസ്‌കരന്‍ നേടിയത്. ഏഴാം വാര്‍ഡായ കല്ലുമുക്കിലും മങ്ങിയ വിജയമാണ് എല്‍.ഡി.എഫിനുണ്ടായത്. 138 വോട്ടിന് 2015-ല്‍ ശാന്തിനി മത്തായി വിജയിച്ച സ്ഥാനത്ത് 12 വോട്ടാണ് ഇത്തവണ മത്സരിച്ച ഷീന കളപ്പുരക്കലിന് ലഭിച്ചത്. ആറാം വാര്‍ഡായ കല്ലൂരില്‍ കഴിഞ്ഞ തവണ നാല് വോട്ടിന് സി.പി.എം സ്ഥാനാര്‍ഥി വിജയിച്ചു. ഇത്തവണ 62 വോട്ടിന്റെ ഭൂരപക്ഷത്തില്‍ വാര്‍ഡ് കോണ്‍ഗ്രസിന് ലഭിച്ചു. അഞ്ചില്‍ വിജയിച്ചെങ്കിലും ഭൂരപക്ഷം കുറഞ്ഞു. (2015147, 202075). 152 വോട്ടിന് 2015-ല്‍ എല്‍.ഡി.എഫ് വിജയിച്ച മൂന്നാംവാര്‍ഡ് ആയ വള്ളുവാടി ഇത്തവണ 45 വോട്ട് അധികം നല്‍കി കോണ്‍ഗ്രസിന് വിജയം നല്‍കി.  

ഒരു സി.പി.ഐ സ്ഥാനാര്‍ഥി അടക്കം ബ്ലോക്ക് ഡിവിഷനിലേക്ക് മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ഥികളും തോറ്റു. പഞ്ചായത്ത്ഭരണസമിതിക്കെതിരെ ഉണ്ടായ ഇഷ്ടക്കേടാണ് ഇതിന് കാരണമെന്ന് വിലയിരുത്തലുണ്ട്.