ആന്തൂർ നഗരസഭയിലെ മൊറാഴ, പൊടിക്കുണ്ട് വാർഡുകളിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡിലുമാണ് സിപിഎം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ചു. ആന്തൂർ നഗരസഭയിലെ മൊറാഴ, പൊടിക്കുണ്ട് വാർഡുകളിലാണ് സിപിഎം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇവിടെ യുഡിഎഫ് ബിജെപി സ്ഥാനാർത്ഥികളോ സ്വതന്ത്ര സ്ഥാനാർത്ഥികളോ ഉണ്ടായിരുന്നില്ല. മൂന്ന് വാർഡുകളിൽ യുഡിഎഫിന് പത്രിക നൽകാനായില്ല. ഇതിൽ ഒരിടത്ത് ബിജെപി സ്ഥാനാർത്ഥി ഉള്ളതിനാൽ സിപിഎം സ്ഥാനാർത്ഥിക്ക് മത്സരിച്ച് ജയിക്കേണ്ടി വരും.

തദ്ദേശ തെരഞ്ഞെടുപ്പിലെ പത്രിക സമർപ്പണം അവസാനിച്ചു

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ പത്രിക സമർപ്പണ സമയം അവസാനിച്ചു. പത്രിക നൽകാനുള്ള സമയം അവസാനിക്കുമ്പോള്‍ മുന്നണികള്‍ക്കെല്ലാം തലവേദനയായി വിമത ഭീഷണി നിലനില്‍ക്കുകയാണ്. മിക്ക ജില്ലകളിലും മൂന്ന് മുന്നണികൾക്കും വിമത ഭീഷണിയുണ്ട്. നിര്‍ണായക പോരാട്ടം നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിൽ എൽഡിഎഫും യുഡിഎഫും വിമത ശല്യം നേരിടുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎമ്മിന് നാല് വിമതരാണ് ഉള്ളത്. വാഴാട്ടുകോണം, ഉള്ളൂർ, കാച്ചാണി, ചെമ്പഴന്തി എന്നീ സീറ്റുകളിലാണ് വിമത ഭീഷണി നിലനില്‍ക്കുന്നത്. ആലപ്പുഴ അമ്പലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ലീഗ് - കോണ്‍ഗ്രസ് നേര്‍ക്ക് നേര്‍ പോരാട്ടത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. സീറ്റ് വിഭജനത്തിൽ ധാരണയാകാഞ്ഞതോടെ, മുസ്ലിം ലീഗിനായി അൽത്താഫ് സുബൈറും, കോൺഗ്രസ്‌ സ്ഥാനാർത്ഥി കെ ആർ കണ്ണനും മത്സരിക്കും. ഇരുവരും പത്രിക നൽകി.