പെരുമ്പാവൂർ: പെരുമ്പാവൂർ ഒക്കലിൽ മാലിന്യ കൂനയിൽ തീപിടിത്തം. സ്വകാര്യവ്യക്തിയുടെ ചാക്ക് ഗോഡൗണിന് സമീപം കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീ പിടിച്ചത്. മാലിന്യം നീക്കം ചെയ്യണമെന്ന പഞ്ചായത്തിന്റെ ആവശ്യം ഗോ‍ഡൗൺ ഉടമ തുടർച്ചയായി അവഗണിച്ചെന്ന് ആരോപിച്ച് നാട്ടുകാരും രംഗത്തെത്തി.

തിങ്കളാഴ്ച വൈകിട്ടാണ് പെരുമ്പാവൂരിൽ സ്വകാര്യ വ്യക്തിയുടെ ചാക്ക് ഗോഡൗണിന് സമീപം കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചത്. നാളുകളായി ഗോഡൗണിൽ നിന്നുള്ള പ്ലാസ്റ്റിക് ചാക്കുകള്‍, മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ ഇവിടെയായിരുന്നു തള്ളിയിരുന്നത്. വൈകുന്നേരത്തോടെ പ്ലാസ്റ്റിക് കൂനയിൽ നിന്ന് തീ ആളിപ്പടരുകയായിരുന്നു. രണ്ട് അഗ്നിശമന സേന യൂണിറ്റുകളുടെ മൂന്ന് മണിക്കൂർ നീണ്ട ശ്രമങ്ങള്ക്കൊടുവിലാണ്  തീയണക്കാനായത്. 

പ്ലാസ്റ്റിക് മാലിന്യം അനധികൃതമായി കൂട്ടി ഇട്ടതാണ് അപകടം വിളിച്ചു വരുത്തിയതെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. കഴിഞ്ഞ ജനുവരിയിലും ഇതേ സ്ഥലത്ത് തീ പിടുത്തം ഉണ്ടായിരുന്നു. തുടർന്ന് ഇവിടെ നിന്ന്  പ്ലാസ്റ്റിക് മാലിന്യങ്ങള് നീക്കം ചെയ്യണമെന്ന് അധികൃതർ  നിർദേശം നൽകിയെങ്കിലും ഗോഡൗൺ  ഉടമ തുടർച്ചയായി ഇത് അവഗണിച്ചെന്ന് പഞ്ചായത്തും ആരോപിച്ചു. ഇനിയും മാലിന്യം നീക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമ നടപടിയിലേക്ക് നീങ്ങുമെന്ന് പഞ്ചായത്ത് അധികൃതർ പ്രതികരിച്ചു.