തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. ഇവരിൽ നിന്ന് ഒരു കിലോ കഞ്ചാവ് കണ്ടെടുത്തു. മുല്ലശേരി പൊയ്പ്പാറ വച്ചാണ് ഇവർ എക്സൈസിന്‍റെ പിടിയിലായത്.

തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ യുവാക്കളെ അറസ്റ്റ് ചെയ്ത് എക്സൈസ്. മുട്ടത്തറ പള്ളം അബു മൻസിലിൽ അബുതാഹിർ (30) കൊഞ്ചിറ പാറപ്പൊറ്റ ലക്ഷ്മി ഭവനിൽ കണ്ണൻ എന്നു വിളിക്കുന്ന മിഥുൻ (31) എന്നിവരെയാണ് നെടുമങ്ങാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രവീണും സംഘവും ചേർന്ന് പിടികൂടിയത്. ഓട്ടോയിൽ കറങ്ങി നടന്ന് വിൽപ്പന നടത്തുന്നതിനിടെ മുല്ലശേരി പൊയ്പ്പാറ വച്ചാണ് ഇവർ എക്സൈസിന്‍റെ പിടിയിലായത്.

എക്സൈസ് പരിശോധനയിൽ സംശയം തോന്നിയതോടെ ഇവരുടെ വാഹനം വിശദമായി പരിശോധിക്കുകയായിരുന്നു. ഇതിൽ നിന്നും ആണ് ഒരുകിലോ കഞ്ചാവ് ലഭിച്ചത്. താഹീർ നിരവധി മയക്കുമരുന്ന്- ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് എക്സൈസ് സംഘം അറിയിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് എക്സൈസ് പറഞ്ഞു.

അതേസമയം, കോഴിക്കോട് റോഡരികിലെ പറമ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. വടകര സഹകരണ ആശുപത്രിക്ക് സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പറമ്പിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇത് കഞ്ചാവ് ചെടിയാണെന്ന് ഉറപ്പിച്ചു. ഇവ വേരോടെ പിഴുതെടുത്ത് വടകര സ്റ്റേഷനിലേക്ക് മാറ്റി. ഒഴിഞ്ഞുകിടക്കുന്ന പറമ്പ് നികത്തുന്നതിനായി കുറച്ച് ദിവസം മുന്‍പ് ഇവിടെ മണ്ണിട്ട് നികത്തിയിരുന്നു. ഈ മണ്ണില്‍ വേറെയും ചെടികള്‍ വളര്‍ന്നിട്ടുണ്ട്. ഈ കൂട്ടത്തിലാണ് കഞ്ചാവ് ചെടിയും മുളച്ചത്. മണ്ണിലുണ്ടായിരുന്ന വിത്ത് മുളച്ച് ചെടിയായതാകുമെന്ന് പൊലീസ് പറയുന്നു. കൂടുതൽ കഞ്ചാവ് ചെടിയുണ്ടോയെന്ന് അറിയാൻ സമീപത്തെല്ലാം പരിശോധന നടത്തി. എന്നാൽ കഞ്ചാവ് ചെടികൾ ഉണ്ടായിരുന്നില്ല.