കഴിഞ്ഞ ദിവസം രാവിലെ ജണ്ട സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ ജനം തടയുകയായിരുന്നു. പ്രദേശത്തുള്ളവരോട് ചര്‍ച്ച പോലും നടത്താതെയാണ് വനംവകുപ്പിന്റെ നടപടിയെന്ന് ഇവര്‍ ആരോപിച്ചു.

കൽപ്പറ്റ: കൈവശരേഖയുള്ളതും പതിറ്റാണ്ടുകളായി തങ്ങള്‍ താമസിക്കുന്നതുമായ സ്ഥലത്ത് വനംവകുപ്പ് ജണ്ട (വനാതിര്‍ത്തി നിര്‍ണയിക്കുന്നതിനുള്ള നിര്‍മാണം) സ്ഥാപിക്കുന്നതായി ആരോപിച്ച് പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു. പേര്യ വട്ടോളിയിലെ കാരങ്കോട് പ്രദേശത്താണ് വനംവകുപ്പ് അതിര്‍ത്തി നിര്‍ണയിക്കുന്ന നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. 

എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ ജണ്ട സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ ജനം തടയുകയായിരുന്നു. പ്രദേശത്തുള്ളവരോട് ചര്‍ച്ച പോലും നടത്താതെയാണ് വനംവകുപ്പിന്റെ നടപടിയെന്ന് ഇവര്‍ ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരും എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളും പ്രദേശം സന്ദര്‍ശിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വരയാല്‍ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥനായ എസ്. ശരത്ചന്ദുമായി നാട്ടുകാര്‍ സംസാരിക്കുകയും തിങ്കളാഴ്ച ഒ.ആര്‍. കേളു എം.എല്‍.എ, ഡെപ്യൂട്ടി റേഞ്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നും അറിയിക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. അതേ സമയം വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് നല്‍കിയ സ്ഥലവും വനാതിര്‍ത്തിയും നിര്‍ണയിക്കുന്നതിന്റെ ഭാഗമായാണ് ജണ്ട സ്ഥാപിക്കുന്നതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.