കൊച്ചി നായരമ്പലം സ്വദേശിനിയും ഭരതനാട്യം വിദ്യാർത്ഥിനിയുമായ അഭിരാമി പ്രദീപ്, ഡൽഹിയിലെ കർത്തവ്യപഥത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ചുവടുവെയ്ക്കാൻ തെരഞ്ഞെടുക്കപ്പെട്ടു.
കൊച്ചി: റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം നേടി കൊച്ചി സ്വദേശിനിയും കർണാടകയിലെ അലയൻസ് യൂണിവേഴ്സിറ്റിയിൽ എം എ ഭരതനാട്യം വിദ്യാർത്ഥിനിയുമായ അഭിരാമി പ്രദീപ്. ഡൽഹിയിലെ കര്‍ത്തവ്യപഥത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പ്രധാന പരേഡിലാണ് അഭിരാമി ചുവടുവെയ്ക്കുക.
സംസ്ഥാനതല കലാപരിപാടികളിലും മത്സരങ്ങളിലും മികവ് തെളിയിച്ച കലാകാരിയാണ് നായരമ്പലം സ്വദേശിനിയായ അഭിരാമി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഭകളെ ഉൾപ്പെടുത്തി നടത്തുന്ന ഈ പരേഡിൽ പങ്കെടുക്കുകയെന്നത് വലിയ നേട്ടമായാണ് കണക്കാക്കുന്നത്. സ്കൂൾ കാലം മുതൽ കലാരംഗത്ത് സജീവമായിരുന്ന അഭിരാമി, സർവകലാശാലയിൽ നിന്നുളള പത്തംഗ സംഘത്തോടൊപ്പമാണ് ചുവടുവെക്കുക. നൃത്തം ഉൾപ്പെടെ നങ്ങ്യാർകൂത്തിലും വൃന്ദവാദ്യം ഇനങ്ങളിലും അഭിരാമി മികവ് തെളിയിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി അധ്യക്ഷത വഹിക്കുന്ന ദേശീയ പരേഡിൽ സേനാ വിഭാഗങ്ങളും വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക സംഘങ്ങളും പങ്കെടുക്കുന്നുണ്ട്. രാജ്യത്തിന്റെ ഐക്യവും വൈവിധ്യവും ഒരുമിച്ച് അവതരിപ്പിക്കുന്ന ഈ വേദിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിന്റെ അഭിമാനത്തിലാണ് അഭിരാമിയും കുടുംബവും.


