കഴിഞ്ഞ ദിവസം മദ്യപിച്ച രണ്ടുപേര്‍ തമ്മില്‍ നടന്ന അടിപിടിക്കൊടുവില്‍ മദ്യകുപ്പി കൊണ്ട് ഒരാളുടെ തല തല്ലി തകര്‍ക്കുകയും ചെയ്തിരുന്നു

അമ്പലപ്പുഴ: തകഴിയിലെ ബിവറേജസ് ഔട്ട്‍ലറ്റ് മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. പ്രദേശവാസികളുടെ സ്വസ്ഥത നശിപ്പിക്കുന്ന രീതിയിലാണ് തകഴി ചിറയത്ത് സ്ഥിതി ചെയ്യുന്ന ബിവറേജസ് ഔട്ട്‍ലറ്റ് പ്രവര്‍ത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. രാത്രി ആകുന്നതോടെ റോഡിന്റെ ഇരുവശങ്ങളിലും ഇരുന്ന് മദ്യപിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണെന്നും ഇവര്‍ പറയുന്നു. 

ഏഴു മണി കഴിഞ്ഞാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ക്ക് വഴിയില്‍ കൂടെ നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. രണ്ട് പേര്‍ക്ക് ഒന്നിച്ച് നടക്കാന്‍ പോലും സാധിക്കാത്ത രീതിയിലാണ് ഇതുവഴിയുള്ള റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ കൂടെയാണ് ബിവറേജ് ഔട്ട്ലറ്റിലേക്ക് മദ്യം കൊണ്ടുവരുന്ന വാഹനങ്ങളും ഓട്ടോറിക്ഷ പോലുള്ള സ്വകാര്യ വാഹനങ്ങളും കടന്നു പോകുന്നത്.

പല വാഹനങ്ങളും ഗതാഗതതടസം സൃഷ്ടിച്ച് റോഡിന്റെ നടുഭാഗത്ത് പാര്‍ക്ക് ചെയ്തിട്ടാണ് മദ്യം വാങ്ങിക്കാന്‍ പോകുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. കാല്‍നട യാത്രക്കാര്‍ക്ക് പോലും പോകുവാന്‍ സാധിക്കാത്ത രീതിയിലാണ് വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നത്.

ഇതിനെ ചൊല്ലിയുള്ള ബഹളം ഇവിടെ സ്ഥിര സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മദ്യപിച്ച രണ്ടുപേര്‍ തമ്മില്‍ നടന്ന അടിപിടിക്കൊടുവില്‍ മദ്യകുപ്പി കൊണ്ട് ഒരാളുടെ തല തല്ലി തകര്‍ക്കുകയും ചെയ്തിരുന്നു. റോഡില്‍ നിന്ന് അകത്തേക്ക് മാറി ചെറിയ ഒരു ഇടവഴിയിലാണ് ഔട്ട് ലറ്റ് സ്ഥിതി ചെയ്യുന്നത്.

അതുകൊണ്ട് തന്നെ പട്രോളിങ്ങിന് വരുന്ന പൊലീസുകാര്‍ റോഡില്‍ മാത്രമെ നില്‍ക്കാറുള്ളു. പ്രദേശവാസികള്‍ അമ്പലപ്പുഴ പൊലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടപ്പോള്‍ ഇവിടെ മതിയായ ഉദ്യോഗസ്ഥര്‍ ഇല്ലെന്നും ഇത് നെടുമുടി പൊലീസിന്റെ പരിധിയില്‍ പെട്ടതാണെന്നും പറയുന്നു.

അവിടെ നിന്ന് ഇതേ മറുപടിയാണ് ലഭിച്ചത്. ഇപ്പോള്‍ ഔട്ട് ലറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടം ഏത് നിമിഷവും തകര്‍ന്നു വീഴ്ന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. വലിയ വണ്ടികളില്‍ റോഡില്‍ കൊണ്ടു വരുന്ന മദ്യക്കുപ്പികള്‍ അവിടെ നിന്ന് ചെറിയ വണ്ടിയിലാണ് ഔട്ട് ലറ്റിലേക്ക് എത്തിക്കുന്നത്. ഔട്ട് ലറ്റ് മാറ്റാന്‍ അധികാരികള്‍ അധികാരികള്‍ ഉടനടി തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരം സംഘടിപ്പിക്കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.