കാസർകോട്: ഒടുവില്‍ കാസര്‍കോട്ടെ 511 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പെന്‍ഷന്‍ കിട്ടിത്തുടങ്ങി. പത്തുമാസത്തിലേറെയായി ആനുകൂല്യത്തിനായുള്ള പട്ടികയില്‍ ഇടം നേടിയിട്ടും പെന്‍ഷന്‍ പോലും കിട്ടാതിരുന്നവരുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയ്ക്ക് പിന്നാലെ കാസര്‍കോട് ജില്ലാ ഭരണകൂടം പെന്‍ഷന്‍ ലഭ്യമാക്കാനുള്ള നടപടിയെടുക്കുകയായിരുന്നു.

ലോക്ക് ഡൗൺ കൂടിയായതോടെ കടുത്ത പ്രതിസന്ധിയിലായിരുന്നു ഇവർ, ചികിത്സയ്ക്കും നിത്യ ചെലവിനും വലിയ ബുദ്ധിമുട്ടാണ് ഇവർ നേരിട്ടത്. വാര്‍ത്തയ്ക്ക് പിന്നാലെ ഇവരെത്തേടി നിരവധി സഹായങ്ങളെത്തി. കാസര്‍കോഡ് ജില്ലാ ഭരണകൂടവും വിഷയത്തില്‍ ഇടപെട്ട് പെന്‍ഷന്‍ പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടിയും തുടങ്ങി. അങ്ങനെ രണ്ട് മാസത്തെ പെന്‍ഷന്‍തുക ഇപ്പോൾ ഒന്നിച്ച് ലഭ്യമായി. 

511കുട്ടികളായിരുന്നു പട്ടികയില്‍ ഇടം നേടിയിട്ടും സര്‍ക്കാര്‍ സഹായം കിട്ടാതിരുന്നത്. അവര്‍ക്കെല്ലാം പെന്‍ഷന്‍തുക കിട്ടിത്തുടങ്ങി. ഈ 511 കുട്ടികള്‍ക്കും സൗജന്യ ചികില്‍സയും ഇനി ലഭ്യമായിത്തുടങ്ങും.