തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പൊലീസിന്‍റെ ഒരുക്കം തുടങ്ങി. ഇലക്ഷൻ മുന്നൊരുക്കങ്ങളുടെ ഭാഗമായി ക്രിമിനൽ ഗുണ്ടാസംഘങ്ങളുടെയും വിവിധ ക്രിമിനൽ കേസ് പ്രതികളെയും സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കുകയാണ് പൊലീസ്. തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ അക്രമസംഭവങ്ങള്‍ തടയുന്നതിന് മുന്നോടിയായാണ് വിവിധ ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരുടെയും ഗുണ്ടകളുടെയും ലിസ്റ്റ് തയ്യാറാക്കുന്നത്.

നിലവിൽ തൃശൂർ സിറ്റി - റൂറല്‍ പരിധിയില്‍ ക്രിമിനല്‍ കേസുകളില്‍പ്പെട്ട 700 -ഓളം പേരുടെ ലിസ്റ്റാണ് പ്രാഥമിക ഘട്ടത്തില്‍ പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ സജീവമായി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പേര് വിവരങ്ങള്‍ പ്രത്യേകം തരംതിരിക്കും. രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമുള്ള ഗുണ്ടകളുടെയും ക്രിമിനലുകളുടെയും പേര് വിവരങ്ങൾ പ്രത്യേകം തയ്യാറാക്കുന്നുണ്ട്. 

ഗുണ്ടാസംഘത്തില്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നവരുടെ കേസുകളും മറ്റ് പശ്ചാത്തലങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ എസിപിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും ജില്ലാ പൊലീസ് മേധാവികൾ നിര്‍ദ്ദേശം നല്‍കി. ഗുണ്ടാസംഘങ്ങളുടെ കേസുകളുടെ വിവരങ്ങള്‍ക്ക് പുറമേ താമസിക്കുന്ന സ്ഥലത്തിൻറെയും ഇവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടേയും പേരു വിവരങ്ങളും ഫോണ്‍ നമ്പരുകളും വാഹനങ്ങളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. 

അതത് സബ്ഡിവിഷനുകളുടെ പരിധിയില്‍പ്പെടുന്ന ക്രിമിനല്‍ കേസ് പ്രതികളേയും ഗുണ്ടാസംഘങ്ങളേയും ലിസ്റ്റ് തയ്യാറാക്കിയ ശേഷം സ്റ്റേഷനുകളിലേക്കും വിളിപ്പിച്ച് താക്കീത് ചെയ്ത് വിട്ടയ്ക്കുന്ന ആദ്യഘട്ട നടപടികളിലേക്കാണ് പൊലീസ് നീങ്ങുന്നത്. 2016 -ൽ ഗുണ്ടാപട്ടിക പൊലീസ് തയ്യാറാക്കിയിരുന്നുവെങ്കിലും കാര്യമായി മുന്നോട്ടു പോയിരുന്നില്ല. ആ പിഴവുകൾ നികത്തിയുള്ള നീക്കമാണിപ്പോൾ നടക്കുന്നതെന്നാണ് വിവരം.