ഡ്രൈവര്‍ മോഹന്‍ വണ്ടിയില്‍ നിന്നും ചാടി അത്ഭുതകരമായി രക്ഷപ്പെട്ടു. 

കോഴിക്കോട് : ചരക്ക് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. താമരശേരി ചുരത്തിലെ ഒമ്പതാം വളവിൽ വച്ചാണ് ലോറി മറിഞ്ഞത്. ലോറി ക്ലീനര്‍ തമിഴ്നാട് രാഗയം സ്വദേശി രഘു ആണ് മരിച്ചത്. 50 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ലോറി മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. ബാംഗ്ലൂരില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ മോഹന്‍ വണ്ടിയില്‍ നിന്നും ചാടി അത്ഭുതകരമായി രക്ഷപ്പെട്ടു.

ലോറിക്കടിയില്‍ കുടുങ്ങിക്കിടന്ന രഘുവിനെ ഒരു മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് പുറത്തെടുക്കാനായത്. ഫയര്‍ഫോഴ്സും പൊലീസും ചുരം സംരക്ഷണ സമിതിയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചെങ്കുത്തായ സ്ഥലമായതിനാല്‍ മൃതദേഹം പുറത്തെത്തിക്കാന്‍ ഏറെ പണിപ്പെട്ടു. ഒൻപതാം വളവ് വ്യൂ പോയിന്‍റിന് സമീപം നിര്‍ത്തിയിട്ട ശേഷം യാത്രപുറപ്പെട്ട് മിനിറ്റുകള്‍ക്കകം ലോറി അപകടത്തില്‍ പെടുകയായിരുന്നു.ചുരം ഇറങ്ങുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡിന്‍റെ സംരക്ഷണ ഭിത്തി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു.