ആലപ്പുഴ മണ്ണഞ്ചേരിയിൽ പാവട്ടക്കുളത്തിൽ വീണ നാല് വയസ്സുകാരിയെ ഫൈസൽ, പ്രശാന്ത് എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി. കുട്ടിയുടെ ജീവൻ രക്ഷിച്ച ഇരുവരെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ആലപ്പുഴ: പാവട്ടക്കുളത്തിൽ വീണ നാലു വയസുകാരിക്ക് തുണയായി ഫൈസലും പ്രശാന്തും. മണ്ണഞ്ചേരിയിലെ ജിജി-ദിവ്യ ദമ്പതികളുടെ മകളെയാണ് (4 വയസ്സ്) ഇവർ രക്ഷപ്പെടുത്തിയത്. വീടിന് തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്‍റെ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി ഗേറ്റ് തുറന്ന് പുറത്തിറങ്ങിയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. കുട്ടിയെ കാണാതെ പരിഭ്രാന്തരായ വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തുന്നതിനിടെ മണ്ണഞ്ചേരി പൊലീസിലും വിവരമറിയിച്ചു.
തെരച്ചിൽ പുരോഗമിക്കവേ കുട്ടി റോഡിലൂടെ തെക്ക് ഭാഗത്തേക്ക് പോകുന്നതു കണ്ടതായി അയൽവാസിയായ സിന്ധു പൊലീസിനോട് സൂചിപ്പിച്ചു. തുടർന്ന് ആ ഭാഗത്തേക്ക് അന്വേഷണം നടത്തുന്നതിനിടയിലാണ് പാവട്ടക്കുളത്തിന് സമീപം യാത്ര ചെയ്തിരുന്ന നടക്കുകയായിരുന്ന സെബീന, ഷെമി എന്നിവർ കുട്ടി കുളത്തിൽ മുങ്ങിത്താഴുന്നത് കണ്ടത്. പെയിന്‍റ് പണിക്ക് എത്തിയ ഫൈസലും കുടിവെള്ളം വിതരണം ചെയ്യുകയായിരുന്ന പ്രശാന്തും ഇവരുടെ നിലവിളി കേട്ട് ഓടിയെത്തി. കുളത്തിലേക്ക് എടുത്തുചാടി കുഞ്ഞിനെ രക്ഷപ്പെടുത്തുകയും ചെയ്തു.
പത്തടിക്ക് മേലെ താഴ്ചയുള്ളതും ആറടിക്ക് മേലെ ചെളി നിറഞ്ഞ് മാലിന്യങ്ങൾ അടിഞ്ഞു കൂടിയതുമായ കുളത്തിലാണ് കുട്ടി വീണത്. ഏതാനും സെക്കൻഡുകൾ കഴിഞ്ഞിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു. തുടർന്ന് കാവുങ്കലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ വീട്ടിൽ നിന്നും 200 മീറ്ററിലധികം ദൂരത്തിലാണ് കുളം. കുട്ടിയുടെ ജീവൻ രക്ഷിച്ച ഫൈസലിനെയും പ്രശാന്തിനെയും മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി കെ ഉല്ലാസ്, അജീഷ് മോൻ, കെ ജി സാത്വികൻ എന്നിവർ പങ്കെടുത്തു.


