തൃശ്ശൂർ: റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരത്തിനൊരുങ്ങി ലോറി സംഘടനകൾ. പ്രതിഷേധത്തിന്റെ ഭാഗമായി തൃശ്ശൂർ കുതിരാനിൽ സംഘടിപ്പിച്ച സൂചന സമരം എഴുത്തുകാരി സാറ ജോസഫ് ഉ​ദ്ഘാടനം ചെയ്തു. 

സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ മൂലം ലോറി ഉടമകൾക്കുണ്ടാകുന്ന നഷ്ടം ചെറുതല്ല. ചരക്കു ലോറികൾ കൃത്യസമയത്ത് എത്തേണ്ട സ്ഥലങ്ങളിൽ എത്തുന്നില്ലെന്നും ദീർഘദൂര യാത്രകൾ നടത്താനാകുന്നില്ലെന്നും തൃശ്ശൂർ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹി സ്റ്റാലിൻ പറഞ്ഞു.

വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തുടർക്കഥയാവുകയാണ്. ലോറിയിലെ ജീവനക്കാരുടെ ആരോഗ്യപ്രശ്നവും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സംഘടനകൾ സമരത്തിലേക്ക് നീങ്ങുന്നത്. വിവിധ സംഘടനകളുമായി ചർച്ച ചെയ്തു സമര തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.