ചേര്‍ത്തല: വിഷപാമ്പുകളുടെ ശല്യം വര്‍ധിച്ചതോടെ പാമ്പുകളെ തുരത്താന്‍ പുതിയ പദ്ധതിയുമായി  തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത്. മകുടി എന്നാണ് പദ്ധതിയുടെ പേര്. കഴിഞ്ഞദിവസം പ‍ഞ്ചായത്തിലൊരാള്‍ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. കൂടാതെ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന മാക്ഡവല്‍ കമ്പനിയുടെ സമീപത്ത് നിന്ന് നിരവധി പേര്‍ക്കാണ് ഇതുവരെ  പാമ്പ് കടിയേറ്റത്. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് പുതിയ പദ്ധതിയുമായി രംഗത്ത് എത്തിയത്.

നാളെ വാരനാട് മാക്‌ഡോണിന് സമീപം മകുടി പദ്ധതിയുടെ ഉദ്ഘാടനം നടക്കും. വിഷപാമ്പുകളെ പിടി കൂടി ഫോറസ്റ്റിന് കൈമാറുന്നതിനോടൊപ്പം ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന തീവ്രയജ്ഞ പരിപാടിക്കാണ് പഞ്ചായത്ത് രൂപം നല്‍കിയിട്ടുള്ളത്. ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണത്തോടൊപ്പം തന്നെ പാമ്പുകളെ ഓടിക്കാനുള്ള മെഷീനുകളും പഞ്ചായത്ത് നല്‍കും.ഇതിനു വേണ്ടിയുള്ള ധ്രുതകര്‍മ്മസേന രൂപീകരണം നടത്തും. ഇതിനകം തന്നെ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമായ പ്രദേശം കൂടിയാണ് തണ്ണീര്‍മുക്കം. മഴ എത്തുന്നതോടെ മണ്ണിനടയില്‍ നിന്നും എത്തുന്ന ഒച്ചുകളെ നശിപ്പിക്കുന്നതിനായുള്ള പദ്ധതിക്ക് പഞ്ചായത്തിന് അംഗീകാരം ലഭിച്ചിരുന്നു.