ഇന്ന് തുടങ്ങിയ പുഷ്പമേള ലുലു മാളില്‍ ഞായറാഴ്ച വരെയുണ്ടാകും
തിരുവനന്തപുരം : പുഷ്പ-ഫല-സസ്യങ്ങളുടെ വൈവിധ്യം നിറച്ച് ലുലു മാളില്‍ (Lulu Mall) സംഘടിപ്പിക്കുന്ന 'ലുലു ഫ്‌ളവര്‍ ഫെസ്റ്റ് 2022' പുഷ്പമേള അനന്തപുരിക്ക് വേറിട്ട അനുഭവമാകുന്നു (Flower Festival). നാല് ദിവസം നീളുന്ന പുഷ്പമേളയുടെ ആദ്യ ദിനം തന്നെ നിരവധി പേര്‍ പ്രദര്‍ശനം കാണാനും ആകര്‍ഷകമായവ സ്വന്തമാക്കാനും എത്തി. ഇന്ന് തുടങ്ങിയ പുഷ്പമേള ലുലു മാളില്‍ ഞായറാഴ്ച വരെയുണ്ടാകും.
ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഗാര്‍ഡനിംഗിനടക്കം അനുയോജ്യമായ സസ്യങ്ങള്‍, വായു ശുദ്ധീകരിക്കുന്ന സസ്യങ്ങള്‍, തായ്‌ലന്‍ഡില്‍ നിന്നുള്ള അഗ്ലോണിമ, ബോണ്‍സായ് ഇനത്തില്‍പ്പെട്ട ട്വിസ്റ്റഡ് ഫൈക്കസ്, മോണ്‍സ്‌റ്റെറ, പല വര്‍ണ്ണങ്ങളിലുള്ള റോസ, ബോഗണ്‍വില്ല, നാല് ദിവസം വരെ വാടാതെ നില്‍ക്കുന്ന തായ്‌ലന്‍ഡ് ചെമ്പരത്തി എന്നിവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
മേളയെ ആകര്‍ഷകമാക്കുന്ന മറ്റൊരു ഘടകം വളരെ ചെറിയ കാലം കൊണ്ട് തന്നെ ഫലം തരുന്ന വൃക്ഷത്തൈകളാണ്. രണ്ട് മുതല്‍ മൂന്ന് വര്‍ഷം കൊണ്ട് കായ്ക്കുന്ന മലേഷ്യന്‍ കുള്ളന്‍, രാമഗംഗ, ഗംഗബോന്ധം തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുന്ന തെങ്ങിന്‍ തൈകൾ, മലേഷ്യന്‍ മാതളം, ഒരു കിലോയുള്ള പേരയ്ക്ക വരെ ലഭിയ്ക്കുന്ന ഹൈബ്രിഡ് ഇനമായ വെഡിറ്റര്‍ എന്നിവയും ചെറിയ കാലം കൊണ്ട് തന്നെ ഫലം തരുന്നവയാണ്.
വീടുകളിലടക്കം ഉപഭോക്താക്കളുടെ ആവശ്യാനുസരണം ലാന്‍ഡ്‌സ്‌കേപ്പിംഗ്, കസ്റ്റമൈസ്ഡ് ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഗാര്‍ഡനിംഗ് എന്നിവ ചെയ്ത് നല്‍കുന്നവരും പുഷ്പമേളയില്‍ പങ്കെടുക്കുന്നുണ്ട്. ലാന്‍ഡ്‌സ്‌കേപ്പിംഗ് സമയത്ത് തറയില്‍ പാകാന്‍ ഉപയോഗിക്കുന്ന ബെംഗലൂരു സ്‌റ്റോണ്‍, തണ്ടൂര്‍ സ്‌റ്റോണ്‍, ഇന്റര്‍ലോക്ക് ആകൃതിയിലുള്ള ഫേബര്‍ സ്‌റ്റോണ്‍ തുടങ്ങിയ ഇറക്കുമതി ചെയ്ത കല്ലുകളും പ്രദര്‍ശനത്തിനുണ്ട്. അലങ്കാര ആവശ്യങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്ന ഗ്ലാഡിയോലസ്, ഡ്രൈ-ഫ്രഷ് ഫ്‌ളവര്‍ വിഭാഗത്തില്‍പ്പെട്ട സോല വുഡ്, ജിപ്‌സോഫില തുടങ്ങിയവയും മേളയില്‍ ശ്രദ്ധേയമായി.
മറ്റൊരു വമ്പൻ പദ്ധതിയുമായി ലുലു ഗ്രൂപ്പ്; അരൂരിൽ 150 കോടിയുടെ നിക്ഷേപം
അതേസമയം കേരളത്തിൽ കോടിക്കണക്കിന് രൂപയുടെ വമ്പൻ നിക്ഷേപവുമായി വീണ്ടും ലുലു ഗ്രൂപ്പ് എത്തുകയാണ്. ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം ഏപ്രിലിൽ സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. അരൂരിലാണ് 150 കോടി രൂപ മുതൽ മുടക്കിൽ നൂറു ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയുള്ള ലുലുവിന്റെ അത്യാധുനിക കേന്ദ്രം പ്രവർത്തന സജ്ജമാകുന്നത്.
സമുദ്ര വിഭവങ്ങൾ സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നതിനോടൊപ്പം, സമുദ്ര വിഭവങ്ങളിൽ നിന്നുള്ള മൂല്യവർധിത ഉല്പന്നങ്ങളുടെ കയറ്റുമതിയും ലക്ഷ്യമിടുന്നുണ്ട്. മൂല്യവർധിത ഉൽപ്പന്നങ്ങൾക്കായി മാത്രം പ്രത്യേക യൂണിറ്റും പുതിയ കേന്ദ്രത്തിലുണ്ട്. ഡെന്മാർക്കിൽ നിന്നുള്ള അത്യാധുനിക യന്ത്രങ്ങളും ഇതിനകം ലുലു ഗ്രൂപ്പ് ഇറക്കുമതി ചെയ്തിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നേരിട്ടും അല്ലാതെയും 450 ലധികം ആളുകൾക്കാണ് തൊഴിൽ ലഭ്യമാകുന്നത്. രണ്ട് യൂണിറ്റുകളിലുമായി മാസം 2000 ടൺ സമുദ്രോത്പന്നങ്ങൾ സംസ്കരിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകളാണ് പ്രധാന വിപണി. കൂടാതെ യൂറോപ്പ്, യുകെ, യുഎസ്, ജപ്പാൻ, കൊറിയ, ചൈന എന്നിവിടങ്ങളിലേക്കും കയറ്റുമതി ലക്ഷ്യമിടുന്നുണ്ടെന്നും ജനറൽ മാനേജർ അനിൽ ജലധരനും പ്രൊഡക്ഷൻ മാനേജർ രമേഷ് ബാഹുലേയനും പറഞ്ഞിരുന്നു. ഏപ്രിൽ അവസാന വാരത്തോടെ കേന്ദ്രം പൂർണ്ണമായി പ്രവർത്തനക്ഷമമാകുമെന്നുമാണ് അവർ അറിയിച്ചിട്ടുള്ളത്.
