മടപ്പള്ളി കോളേജിലെ പൂർവ്വ വിദ്യാർത്ഥിനിയുടെ ലൈംഗികാതിക്രമ പരാതിയിൽ മുൻ അദ്ധ്യാപകനെതിരെ ചോമ്പാല പോലീസ് കേസെടുത്തു.
കോഴിക്കോട്: പൂർവ വിദ്യാർത്ഥിനിയുടെ ലൈംഗികാതിക്രമ വെളിപ്പെടുത്തലിൽ അധ്യാപകനെതിരെ കോഴിക്കോട് ചോമ്പാല പൊലീസ് കേസെടുത്തു. വടകര മടപ്പള്ളി കോളേജിൽ മുൻപ് ചരിത്രാധ്യാപകനായിരുന്ന ഡോ. ജിനേഷ് പി.എസ്.നെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്.
നിലവിൽ എറണാകുളം മഹാരാജാസ് കോളേജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ഡോ. ജിനേഷ്. ഇദ്ദേഹം മടപ്പള്ളി കോളേജിൽ പഠിപ്പിച്ചിരുന്ന കാലത്താണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് യുവതി ആദ്യം അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. മടപ്പള്ളി കോളേജിൽ വെച്ച് ലൈംഗികാതിക്രമങ്ങൾ നേരിട്ടുവെന്നായിരുന്നു വെളിപ്പെടുത്തൽ. ഇത് പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് യുവതി ചോമ്പാല പോലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജിനേഷ് പി.എസ്സിനെതിരെ ചോമ്പാല പോലീസ് കേസെടുത്തെങ്കിലും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. ഇടത് അനുകൂല കോളേജ് അധ്യാപക സംഘടനയായ എ.കെ.ജി.സി.ടി.എ.യുടെ മുൻ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് കൂടിയായിരുന്നു ജിനേഷ്. പിന്നീട് സംഘടനയിൽ നിന്ന് ഇദ്ദേഹത്തെ നീക്കം ചെയ്തിരുന്നു.
