Asianet News MalayalamAsianet News Malayalam

'കല്യാണാഘോഷമല്ല ആഭാസത്തരം, വരനും കൂട്ടാളികളും നടത്തിയത് കോമാളിത്തരം'; വിമര്‍ശനവുമായി മഹല്ല് കമ്മിറ്റി

ആഡംബരത്തില്‍ വിവാഹം കഴിക്കുന്നതില്‍ തെറ്റൊന്നുമില്ല. അതിനൊക്കെ ഒരു പരിധിയുണ്ടെന്ന് മഹല്ല് കമ്മിറ്റി.

mahal committee against kannur viral wedding celebrations joy
Author
First Published Jan 18, 2024, 10:32 AM IST

കണ്ണൂര്‍: കണ്ണൂരില്‍ വിവാഹത്തിന്റെ ഭാഗമായി വരന്‍ ഒട്ടക പുറത്തെത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മഹല്ല് കമ്മിറ്റി പ്രസിഡന്റ്. കല്യാണാഘോഷമല്ല ആഭാസത്തരം നടന്നതെന്നും വരനും കൂട്ടാളികളും നടത്തിയത് കോമാളിത്തരമാണെന്നും മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെപി താഹിര്‍ പറഞ്ഞു.

''വിശ്വാസപരമായി വഴി തടയാന്‍ പാടില്ല. എയര്‍പോര്‍ട്ട് റോഡില്‍ പള്ളിയില്‍ നിന്ന് അര കിലോമീറ്റര്‍ മുന്‍പിലാണ് വരനെ ഒട്ടകപ്പുറത്ത് കയറ്റി കൊണ്ടുവന്നത്. ഇത് വലിയ ഗതാഗത തടസത്തിന് കാരണമായി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി. ഒരുപാട് രോഗികള്‍ക്കും വിമാനത്താവളം റോഡിലെ യാത്രക്കാര്‍ക്കും തടസമുണ്ടാക്കി. ഇതൊന്നും വിശ്വാസപരമായി ശരിയല്ല. ആഡംബരത്തില്‍ വിവാഹം കഴിക്കുന്നതില്‍ തെറ്റൊന്നുമില്ല. അതിനൊക്കെ ഒരു പരിധിയുണ്ട്.'' ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ തെറ്റായ സന്ദേശം പൊതുസമൂഹത്തിലേക്ക് പോകുമെന്നും താഹിര്‍ പറഞ്ഞു. 

കഴിഞ്ഞദിവസമായിരുന്നു സംഭവം. കല്യാണ ആഘോഷം അതിരുവിട്ടതോടെ വരന്‍ ചതുരക്കിണര്‍ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂര്‍-കണ്ണൂര്‍ പാതയിലെ ഗതാഗതമാണ് തടസപ്പെടുത്തിയത്. ഒട്ടകപ്പുറത്തേറി വരന്‍. പുറകെ മേളവും പടക്കം പൊട്ടിക്കലുമായി സുഹൃത്തുക്കളും. ഇതോടെ വിമാനത്താവളത്തിലേക്കുളള സംസ്ഥാന പാത ആകെ ബ്ലോക്കായി. യാത്രക്കാര്‍ കുടുങ്ങി. ഒരു മണിക്കൂറോളം പെട്ടുപോയ യാത്രക്കാര്‍ ഒടുവില്‍ പൊലീസിനെ വിളിച്ചു. പൊലീസെത്തി വരനെ താഴെയിറക്കി. വഴി ക്ലിയറാക്കി. കല്യാണത്തിന് കയറും മുന്നേ പേരും വിലാസവും എഴുതിയെടുത്താണ് ചക്കരക്കല്‍ പൊലീസ് വിട്ടത്. കൈവിട്ട കല്യാണമേളം വൈറലായതോടെയാണ് രണ്ട് ദിവസം കഴിഞ്ഞ് പൊലീസ് സ്വമേധയാ കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് ചക്കരക്കല്‍ പൊലീസ് കേസെടുത്തത്. വഴിമുടക്കിയുളള കല്യാണ ഘോഷയാത്ര ആഘോഷത്തിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

സ്‌കൂളിൽ നിന്ന് മക്കളെയും കൂട്ടി വീട്ടമ്മ പോയത് ജീവനൊടുക്കാൻ; പാഞ്ഞെത്തിയ പൊലീസ് രക്ഷിച്ചത് 4 ജീവനുകൾ 
 

Latest Videos
Follow Us:
Download App:
  • android
  • ios