തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം സോണൽ ഓഫീസിന്‍റെ സമീപത്തുള്ള അംഗൻവാടിയിയുടെ പിന്നിലായാണ് മാലിന്യ കൂമ്പാരത്തിൽ ചിത്രം കണ്ടെത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം സോണിലെ മാലിന്യങ്ങൾക്ക് ഇടയിൽ രാഷ്ട്ര പിതാവിന്‍റെ ചിത്രം. തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം സോണൽ ഓഫീസിന്‍റെ സമീപത്തുള്ള അംഗൻവാടിയിയുടെ പിന്നിലായാണ് മാലിന്യ കൂമ്പാരത്തിൽ ചിത്രം കണ്ടെത്തിയത്. നാട്ടുകാരുടെ പ്രതിഷേധത്തിനെ തുടർന്ന് പൊലീസ് എത്തി ചിത്രം കൊണ്ട് പോയി.

ഇക്കഴിഞ്ഞ പത്താം തിയതി തിരുവനന്തപുരം നഗരസഭ ജനങ്ങളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി മേയർ ആര്യ രാജേന്ദ്രന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി നീക്കം ചെയ്ത മാലിന്യങ്ങളുടെ കൂട്ടത്തിൽ ആണ് രാഷ്ട്ര പിതാവിന്‍റെ ചിത്രം ലഭിച്ചത്. സ്ഥലവാസിയായ ഓരാൾ ആണ് ചിത്രം മാലിന്യ കൂമ്പാരത്തിൽ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം അറിയിച്ചത് അനുസരിച്ച് വിഴിഞ്ഞം പൊലീസ് എസ് ഐ സാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി മഹാത്മ ഗാന്ധിജിയുടെ ചിത്രം സ്റ്റേഷനിലേക്ക് കൊണ്ട് പോയി. സംഭവം അറിഞ്ഞതിനെ തുടർന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് വിശ്വനാഥൻ നായരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. 

ദേശീയ പതാക ഉയർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അതേസമയം സ്വാതന്ത്ര്യ ദിനമായ നാളെ ദേശീയ പതാക ഉയർത്താൻ ഇരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം. അവ എന്തൊക്കെയെന്ന് നോക്കാം.

പതാക ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കുക

  • പതാക ഒരിക്കലും തറയിൽ മുട്ടാതെ വേണം കെട്ടാൻ
  • കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന പതാക ഉപയോഗിക്കാം
  • കൈ കൊണ്ടു നൂൽക്കുന്നതോ, നെയ്തതോ, മെഷീനിൽ തീർത്തതോ ആയ ദേശീയ പതാക ഉപയോഗിക്കാം
  • പതാകയ്ക്ക് ഏതു വലിപ്പവും ആകാം എന്നാൽ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.
  • കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്തരുത്
  • മറ്റേതെങ്കിലും പതാകയ്ക്കൊപ്പമൊ, കീഴിലോ ദേശീയ പതാക ഉയർത്താൻ പാടില്ല ∙
  • തലതിരിഞ്ഞ രീതിയിൽ പ്രദർശിപ്പിക്കരുത്. അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്.
  • പതാകയിൽ എഴുത്തുകളും ഉണ്ടാകരുത്.
  • കൊടി മരത്തിൽ പതാക ഉയർത്തുകയാണെങ്കിൽ മാത്രമേ പതാക രാത്രിയിൽ താഴ്ത്തി കെട്ടേണ്ടതുള്ളു അത് കൊണ്ട് തന്നെ വീടുകളിൽ കെട്ടുന്ന പതാക ദിവസവും രാത്രി അഴിച്ചു വയ്ക്കേണ്ടതില്ല
  • പതാകയെ അപമാനിക്കുന്ന തരത്തിലുള്ള യാതൊരു പ്രവൃത്തികളിലും ഏർപ്പെടരുത്
  • പ്ലാസ്റ്റിക് അടക്കമുള്ളവകൊണ്ട് നിർമിച്ച പതാകകൾ കത്തിക്കാൻ പാടില്ല
  • ഉപയോഗിച്ച ദേശീയ പതാകകൾ അലക്ഷ്യമായി വലിച്ചെറിയാനോ അനാദരവ് കാണിക്കാനോ പാടില്ല