Asianet News MalayalamAsianet News Malayalam

'ആപ്പിൽ നിക്ഷേപിച്ച പണം 256 ദിവസം കൊണ്ട് ഇരട്ടി, അക്കൗണ്ടിൽ ഡോളറായി കാണാം', കോടികളുടെ തട്ടിപ്പിൽ അറസ്റ്റ്

ചേറ്റുപുഴ കണ്ണപുരം സ്വദേശിയായ വെള്ളാട്ട് വീട്ടിൽ പ്രവീൺ മോഹൻ (46) എന്നയാളെയാണ് തൃശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.

main accused who cheated crores through online app has been arrested
Author
First Published Apr 27, 2024, 8:39 PM IST | Last Updated Apr 27, 2024, 8:55 PM IST

തൃശൂര്‍: മൈ ക്ലബ് ട്രേഡ്സ് ( MCT ) എന്ന ഓൺലൈൻ ആപ്പ് വഴി തൃശൂർ ജില്ലയിൽ അഞ്ച് കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചേറ്റുപുഴ കണ്ണപുരം സ്വദേശിയായ വെള്ളാട്ട് വീട്ടിൽ പ്രവീൺ മോഹൻ (46) എന്നയാളെയാണ് തൃശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. കമ്മീഷണർ അങ്കിത് അശോകന്റെ മേൽനോട്ടത്തിൽ തൃശൂർ സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസി. പൊലീസ് കമ്മീഷണർ ആർ. മനോജ് കുമാറിന്റെ  നിർദ്ദേശ പ്രകാരം  സബ് ഇൻസ്പെക്ടർ എ എം യാസിൻ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. എംസിടി എന്ന ഓൺലൈൻ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനും പ്രൊമോട്ടറും നിയമോപദേശകനും ആയിരുന്നു പ്രതിയായ പ്രവീൺ മോഹൻ. കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പുകൾ നടത്തിയിരുന്നത്. 

MCT എന്ന മൊബൈൽ ആപ്ലിക്കേഷൻ ആളുകളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് കൊടുത്ത് 256 ദിവസം കൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെ നൽകാമെന്ന് പറഞ്ഞ് ആളുകളിൽ നിന്ന് പണം നേരിട്ട് ക്യാഷ് ആയി സ്വീകരിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എംസിടിയിൽ പണം നിക്ഷേപിക്കുമ്പോൾ ആളുകളുടെ മൊബൈൽ ഫോണിൽ പണത്തിന് തുല്യമായി ഡോളർ കാണുന്ന രീതിയിലായിരുന്നു തട്ടിപ്പ്.  

കേരളത്തിലെ വിവിധ ഹോട്ടലുകൾ, ടൂറിസ്റ്റ് ഹോമുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രൊമോഷൻ ക്ലാസുകൾ നടത്തി ആളുകളെ ആകർഷിച്ചായിരുന്നു ആളുകളിൽ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നത്. തൃശൂർ സിറ്റി സ്റ്റേഷനുകളിൽ മാത്രം 29 കേസുകൾ ആണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. 

2021- ൽ MCT യുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലയിൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ MCT എന്ന പേര് മാറ്റി FTL ( Future Trade Link ) എന്നും Grown Bucks എന്നും പേരു മാറ്റിയാണ് തട്ടിപ്പ് തുടർന്നിരുന്നത്. കേസ് പിൻവലിക്കാൻ വേണ്ടി പണം നിക്ഷേപിച്ചവരുടെ മൊബൈൽ ഫോണിലെ ആപ്ലിക്കേഷനിൽ കാണുന്ന ഡോളറിന് പകരമായി പണം നിക്ഷേപിച്ചവർക്ക് Emar coin നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും പ്രതികൾ തട്ടിപ്പ് നടത്തി.  

ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യം ലഭിക്കുന്നതിന് വേണ്ടി ജില്ലാ സെഷൻസ് കോടതി, കേരള ഹൈക്കോടതി എന്നിവിടങ്ങളിൽ നൽകിയ ജാമ്യ ഹർജി തള്ളിയിരുന്നു. തുടർന്ന് ഇയാൾ സുപ്രീം കോടതിയിൽ നൽകിയ ജാമ്യ ഹർജിയും തള്ളിയതോടെ ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ വിനോദ് കെ എം, ജെസി ചെറിയാൻ, ശശികുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സുനേഷ്, സാമു എന്നിവരും ഉണ്ടായിരുന്നു.

മനോരോഗിയായ അമ്മയെ മര്‍ദ്ദിച്ച് അവശയാക്കി, അനുജനെ ആട്ടിയോടിച്ചു, 11കാരിയെ പീഡിപ്പിച്ച പ്രതിക്ക്, 30 വര്‍ഷം ജയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios