കോഴിക്കോട്: മുക്കം അഗസ്ത്യൻമുഴി തടപ്പറമ്പിൽ അഖിലേഷ് ആത്മഹത്യ ചെയ്ത കേസിൽ ഒളിവിൽ പോയ മുഖ്യപ്രതി പിടിയിൽ. കുട്ടമോൻ എന്നറിയപ്പെടുന്ന വിപിൻ(31) നാണ് പൊലീസിന്റെ പിടിയിലായത്. അഖിലേഷ് മരിക്കുന്നതിന്റെ തലേ ദിവസം പ്രതികളുമായുണ്ടായ വാക്കു തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മനംനൊന്ത് അഖിലേഷ് ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.

സംഭവം നടന്ന ഉടനെ ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനില്ല. ഇതിനിടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ചുൾപ്പെടെ സംഘടിപ്പിച്ച് പൊലീസിനെ സമ്മർദ്ധത്തിലാക്കുകയും ചെയ്തിരുന്നു. താമരശ്ശേരി ഡിവൈഎസ്പി അന്വേഷണം നടത്തുന്ന കേസിൽ ഒമ്പതുമാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്.

ഒളിവിൽപോയ ശേഷം പ്രതി കർണ്ണാടകയിലെ മൈസൂരും, വയനാട് പടിഞ്ഞാറത്തറയിലുളള ബന്ധുവീട്ടിലുമായി താമസിച്ചു വരികയായിരുന്നു. ഇയാൾ പിടിയിലായതോടെ മറ്റ് രണ്ട് പ്രതികളേയും ഉടൻ പിടികൂടാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് മുക്കം പൊലീസ് പറഞ്ഞു. മുക്കം എസ് ഐ ഷാജിദ് കെ, താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗം ഷെഫീഖ് നീലിയാനിക്കൽ, മുക്കം സ്റ്റേഷനിലെ എഎസ്ഐ ബേബി മാത്യു, സിവിൽ പൊലീസ് ഓഫീസർമാരായ റഹിം, ലതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.