ജില്ലയെ കൊവിഡ് വിമുക്തമാക്കാൻ പരിശ്രമിച്ച മുഴുവനാളുകളുടേയും സേവനങ്ങൾക്ക് കളക്ടർ നന്ദി പറയുകയും അഭിനന്ദിക്കുകയും ചെയ്തു. ഇനി രോഗബാധയുണ്ടാകാതിരിക്കാൻ നിലവിൽ തുടരുന്ന ജാഗ്രത ഇതേ ഊർജ്ജത്തോടെ സർക്കാറിനൊപ്പം നിന്ന് തുടരണമെന്നും ജില്ലാ കളക്ടർ ആഹ്വാനം ചെയ്തു.
മലപ്പുറം: സർക്കാറിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തുടരുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒടുവിൽ അർഹമായ ഫലപ്രാപ്തി. മലപ്പുറം ജില്ല കൊവിഡ് വിമുക്തമായി. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ഇനി ആരും കൊവിഡ് ബാധിതരായി ചികിത്സയിലില്ല. കൊവിഡ് ഐസൊലേഷൻ കേന്ദ്രത്തിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരും വിദഗ്ധ ചികിത്സയെ തുടർന്ന് രോഗമുക്തരായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചുവെന്ന് ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു.
മുംബൈയിൽ നിന്നെത്തിയ കാലടി ഒലുവഞ്ചേരി സ്വദേശി 38 കാരൻ, മാറഞ്ചേരി പരിച്ചകം സ്വദേശി 40 കാരൻ എന്നിവർക്കാണ് രോഗം ഭേദമായത്. ഇവരെ തുടർ നിരീക്ഷണങ്ങൾക്കായി മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ സ്റ്റെപ് ഡൗൺ ഐ.സി.യുവിലേയ്ക്ക് മാറ്റിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.
ജില്ലയിൽ നിലവിൽ ആരും കൊവിഡ് ബാധിതരായില്ലെന്നത് അശ്വാസകരമാണ്. എന്നാൽ ആരോഗ്യ ജാഗ്രത ഒരു കാരണവശാലും ലംഘിക്കരുതെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു. രോഗ വ്യാപനത്തിനുള്ള സാധ്യത ഇപ്പോഴും ജില്ലയിൽ തുടരുകയാണ്. ഇതര സംസ്ഥാനങ്ങളിലെ രോഗബാധിത പ്രദേശങ്ങളിൽ നിന്ന് നിരവധി മലപ്പുറം സ്വദേശികൾ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും വരും ദിവസങ്ങളിൽ ജില്ലയിലെത്തും. ഈ സാഹചര്യത്തിൽ ചെറിയ അശ്രദ്ധപോലും രോഗ വ്യാപനത്തിന് കാരണമാവും. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവർത്തകരും നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടർ ആവർത്തിച്ച് അഭ്യർഥിച്ചു.
ആരോഗ്യ ജാഗ്രത ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ഇക്കാര്യത്തിൽ പൊലീസും ദ്രുത കർമ്മ സംഘങ്ങളും നിരീക്ഷണം തുടരുകയാണ്. മുംബൈ താനെ ജില്ലയിലെ ബിവണ്ടിയിൽ ഇളനീർ വിൽപ്പന കേന്ദ്രത്തിലെ തൊഴിലാളികളായ മാറഞ്ചേരി പരിച്ചകം സ്വദേശിയും എടപ്പാൾ കാലടി സ്വദേശിയും ഏപ്രിൽ 11 ന് ചരക്ക് ലോറിയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് യാത്ര ചെയ്താണ് കേരളത്തിലെത്തിയത്. കൽപ്പറ്റ വഴി ഏപ്രിൽ 15 ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കോഴിക്കോടെത്തി. ഇവിടെ നിന്ന് അരി കയറ്റിവന്ന ലോറിയിൽ യാത്ര ചെയ്ത് വൈകുന്നേരം ആറ് മണിയ്ക്ക് രാമനാട്ടുകരയിലെത്തി. അവിടെ നിന്ന് ചേളാരിയിലേക്ക് നടന്നെത്തി. രാത്രി 8.30 ന് ചേളാരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ യാത്ര തിരിച്ച് കാലടി സ്വദേശിയെ ചമ്രവട്ടം പാലത്തിനടുത്ത് ഇറക്കി. പിന്നീട് പരിച്ചകം സ്വദേശിയും വീട്ടിലെത്തി.
ഇരുവരും മുംബൈയിൽ നിന്നെത്തിയ വിവരമറിഞ്ഞ് ആരോഗ്യ പ്രവർത്തകർ ഇടപെട്ട് ഏപ്രിൽ 16 ന് ഇവരെ വിവിധ കോവിഡ് കെയർ സെന്ററുകളിലാക്കുകയായിരുന്നു. കാലടി സ്വദേശിയെ ഏപ്രിൽ 23 നും മാറഞ്ചേരി സ്വദേശിയെ ഏപ്രിൽ 26 നും 108 ആംബുലൻസുകളിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. കാലടി സ്വദേശിയ്ക്ക് മാർച്ച് 27 നും മാറഞ്ചേരി സ്വദേശിയ്ക്ക് ഏപ്രിൽ 30 നും രോഗബാധ സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയ്ക്കും നിരന്തരമുള്ള സാമ്പിൾ പരിശോധനകൾക്കും ശേഷമാണ് തിങ്കളാഴ്ച ഇരുവരും രോഗമുക്തരായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്.
മുഖ്യമന്ത്രിയിടെ നേതൃത്വത്തിൽ സർക്കാർ ഒരുക്കിയ കരുതലിന്റെ വിജയമാണിതെന്ന് ജില്ലാ കളക്ടർ ജാഫർ മലിക് പറഞ്ഞു. ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരുടേയും കൊവിഡ് പ്രതിരോധത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും പൊതു ജനങ്ങളുടേയും നേട്ടമാണിത്. ജില്ലയെ കൊവിഡ് വിമുക്തമാക്കാൻ പരിശ്രമിച്ച മുഴുവനാളുകളുടേയും സേവനങ്ങൾക്ക് കളക്ടർ നന്ദി പറയുകയും അഭിനന്ദിക്കുകയും ചെയ്തു. ഇനി രോഗബാധയുണ്ടാകാതിരിക്കാൻ നിലവിൽ തുടരുന്ന ജാഗ്രത ഇതേ ഊർജ്ജത്തോടെ സർക്കാറിനൊപ്പം നിന്ന് തുടരണമെന്നും ജില്ലാ കളക്ടർ ആഹ്വാനം ചെയ്തു.
