അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാൻ അനുവദിച്ചില്ല, മലപ്പുറം മുത്തുവത്ത് പറമ്പിൽ വിവാദം
അതേസമയം കബറടക്കം ചെയ്യുന്നതിന് കമ്മിറ്റിക്ക് ഒരു എതിർപ്പുമില്ലെന്നും വരിസംഖ്യ അടക്കുന്നവർക്ക് മാത്രമേ ഖബർസ്ഥാൻ ഉള്ളൂ എന്നത് നിയമം ആണെന്നും ആ നിയമപ്രകാരം പ്രസിഡണ്ടിനോ സെക്രട്ടറിക്കോ മാത്രമായി ഒരു തീരുമാനം മാറ്റി എടുക്കാനാവില്ലെന്നുമാണ് കമ്മറ്റി വിശദീകരിച്ചത്.
മലപ്പുറം: അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാൻ മഹല്ല് കമ്മിറ്റി അനുവദിച്ചില്ലെന്ന് ആക്ഷേപം. ഹാജിയർപള്ളി മുതുവത്ത് പറമ്പിലാണ് സംഭവം. കാരാത്തോട് ഇൻകെൽ വ്യവസായ സിറ്റിയിലെ ജലസംഭരണിയിൽ വീണ് മരിച്ച കാരാത്തോട് ജിഎംഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ റിയാജ് മൊല്ല എന്ന എട്ടു വയസ്സുകാരന്റെ ഖബറടക്കത്തെ ചൊല്ലിയാണ് വിവാദങ്ങൾ ഉണ്ടായത്. ഇന്കെലിലെ ഹോളോബ്രിക്സ് നിർമാണ കമ്പനിയിലെ ജീവനക്കാരനായ മിറാജുൽ മൊല്ല എന്ന അതിഥി തൊഴിലാളിയുടെ മകനാണ് മരിച്ച റിയാജ്. ഇവരുടെ മയ്യിത്ത് ഖബറടക്കാൻ പക്ഷെ മുത്തുവത്ത് പറമ്പിലെ മസ്ജിദ് നൂർ കമ്മിറ്റി ഭാരവാഹികൾ അനുവദിച്ചിരുന്നില്ല. എന്നാൽ കബറടക്കം ചെയ്യുന്നതിന് കമ്മിറ്റിക്ക് ഒരു എതിർപ്പുമില്ലെന്നും വരിസംഖ്യ അടക്കുന്നവർക്ക് മാത്രമേ ഖബർസ്ഥാൻ ഉള്ളൂ എന്നത് നിയമം ആണെന്നും ഭാരവാഹികൾ പറഞ്ഞു.
കബറടക്കം നിശ്ചയിച്ച സമയത്തിന്റെ ഏതാനും മിനിറ്റുകൾക്ക് മുമ്പ് മാത്രമാണ് കമ്മിറ്റിയുടെ നിസ്സഹയതയുടെ വിവരം അറിയിച്ചതത്രേ. ഈ അതിഥി തൊഴിലാളിയുടെ തൊഴിലുടമയായ നാട്ടുകാരൻ പള്ളിയിലേക്ക് വരിസംഖ്യ നൽകിയിരുന്നില്ല എന്നാണ് ഇതിന്റെ കാരണമെന്നാണ് പറയുന്നത്. കാരണം ഏതായാലും ഇതേ ചൊല്ലി നാട്ടിൽ വലിയ വിവാദങ്ങൾ ഉയർന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും ഈ വിഷയം പുകഞ്ഞു കൊണ്ടിരിക്കുന്നു. മഹല്ല് കമ്മിറ്റിയുടെ ധാർഷ്ട്യം ആണെന്നും നാടിന് നാണക്കേടാണെന്നും നാട്ടുകാർ പറയുന്നു.
അതേസമയം കബറടക്കം ചെയ്യുന്നതിന് കമ്മിറ്റിക്ക് ഒരു എതിർപ്പുമില്ലെന്നും വരിസംഖ്യ അടക്കുന്നവർക്ക് മാത്രമേ ഖബർസ്ഥാൻ ഉള്ളൂ എന്നത് നിയമം ആണെന്നും ആ നിയമപ്രകാരം പ്രസിഡണ്ടിനോ സെക്രട്ടറിക്കോ മാത്രമായി ഒരു തീരുമാനം മാറ്റി എടുക്കാനാവില്ലെന്നും പതിനഞ്ചോളം വരുന്ന അംഗങ്ങളുടെയെല്ലാം അഭിപ്രായത്തിന് അനുസരിച്ചേ ഒരു പൊതുതീരുമാനം എടുക്കാൻ കഴിയൂ എന്നുമായിരുന്നു മഹല്ല് കമ്മിറ്റിയുടെ പ്രതികരണം. കബറടക്കത്തെ ചൊല്ലി ഒരുഭാഗത്ത് തർക്കങ്ങൾ നടന്നപ്പോൾ മറുഭാഗത്ത് കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സമീപ സ്ഥലമായ പെരുമ്പറമ്പ് ജുമാ മസ്ജിദിൽ കബറടക്കി. വിദ്യാർത്ഥി പഠിച്ചിരുന്ന കാരത്തോട് ജി എൽ പി സ്കൂളിൽ അൽപ സമയം പൊതുദർശനത്തിനു വെച്ച ശേഷമായിരുന്നു കബറടക്കം ചെയ്തത്.