Asianet News MalayalamAsianet News Malayalam

കൂവക്കും മഞ്ഞളിനും ആവശ്യക്കാർ അമേരിക്കയിൽ നിന്ന് വരെ: കൃഷിയില്‍ വ്യത്യസ്തമായ വിജയ ഗാഥ തീർത്ത് വീട്ടമ്മ

എട്ട് വർഷങ്ങൾക്ക് മുമ്പ് തിരുവാലി കാളപ്പുട്ട് കണ്ടത്തിലെ അഞ്ച് ഏക്കറിലെ കൂവ കൃഷി ഇന്നും തുടരുന്നുണ്ട്. തികച്ചും ജൈവ രീതിയിലായതിനാൽ നല്ല പിന്തുണയും സ്വീകര്യതയുമാണ് ലഭിക്കുന്നത്. 

malappuram house wife farming spices and get customers from abroad
Author
Edavanna, First Published Sep 26, 2021, 1:21 PM IST

എടവണ്ണ: കൂവ കൃഷിക്ക് പിന്നാലെ മഞ്ഞൾ കൃഷിയിലും വിജയഗാഥയുമായി വീട്ടമ്മ. എടവണ്ണ ചെമ്പക്കുത്ത് സ്വദേശിനി ജുമൈലാ ബാനുവാണ് അഞ്ച് ഏക്കർ കൂവകൃഷിക്കൊപ്പം 15 ഏക്കറിൽ മഞ്ഞൾ കൃഷി പരീക്ഷിക്കുന്നത്. ഇതിന് ഉപഭോക്താക്കളാകട്ടെ അമേരിക്കയിലും ബംഗളുരുവിൽ നിന്നുള്ള കമ്പനികളും. കോഴിക്കോട് നിന്നും മലപ്പുറത്തെത്തുമ്പോൾ മണ്ണിൽ പൊന്ന് വിളയിക്കണമെന്ന് തന്നെയായിരുന്നു മനസ്സിലും. കുന്ദമംഗലം, പൂവാട്ട് പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ മുമ്പ് കുവ്വ കൃഷി ചെയ്തിരിന്നങ്കിലും കാര്യമായ പുരോഗതി കൈവരിക്കാൻ സാധിക്കാത്തതിനാൽ ബന്ധുക്കൾ വഴിയാണ് മലപ്പുറത്ത് എത്തുന്നത്. 

എട്ട് വർഷങ്ങൾക്ക് മുമ്പ് തിരുവാലി കാളപ്പുട്ട് കണ്ടത്തിലെ അഞ്ച് ഏക്കറിലെ കൂവ കൃഷി ഇന്നും തുടരുന്നുണ്ട്. തികച്ചും ജൈവ രീതിയിലായതിനാൽ നല്ല പിന്തുണയും സ്വീകര്യതയുമാണ് ലഭിക്കുന്നത്. കൂവ കൃഷിയെക്കുറിച്ച് കേട്ടറിഞ്ഞ ബാംഗഌരിലുള്ള ഒരു സ്വകാര്യ കമ്പനിയുടെ നിർദ്ദേശ പ്രകാരമാണ് ഈ വർഷം മുതൽ 15 ഏക്കർ പാട്ട ഭൂമിയിൽ വിവിധ ഇനത്തിൽ പെട്ട മഞ്ഞൾ പരീക്ഷിച്ചത്.
വണ്ടൂരിനടുത്ത തിരുവാലി ഏറിയാടിലാണ് കൃഷി. 

ഇവിടെ അഞ്ചേക്കർ സ്ഥലത്ത് കൂവ കൃഷിയുമുണ്ട്. ഇതിനടുത്തുള്ള സ്ഥലത്താണ് ഇപ്പോൾ മഞ്ഞളും കൃഷിയിറക്കിയത്. കൂവ ആദായകരമായ കൃഷിയാണെങ്കിലും മഞ്ഞളിനെ അപേക്ഷിച്ച് കൂലിച്ചെലവേറെയാണെന്ന് ജുമൈല ബാനും പറയുന്നു. പന്നിശല്യത്തിൽ നിന്ന് രക്ഷപ്പെടാൻ സൗരോർജവേലി സ്ഥാപിച്ചാണ് കൃഷിയൊരുക്കിയത്. മഞ്ഞളിന് ഇതൊന്നും വേണ്ട. പന്നിശല്യമുണ്ടാവില്ലെന്ന് പറയുന്നു. പൊതുവേ രോഗങ്ങളും കുറവാണ്. ഇതിനാൽ മഞ്ഞൾ ഏറെ ആദായകരമാകുമെന്നാണ് ജുമൈലാ ബാനുവിന്റെ കണക്കുകൂട്ടൽ.

ഒന്നും രണ്ടുമല്ല അഞ്ചിനം മഞ്ഞളാണ് ഇവർ കൃഷിയിറക്കിയത്. കസ്തൂരി മഞ്ഞളിനും നാടൻ, വയനാടൻ മഞ്ഞളിനും പുറമെ പ്രതിഭ, പ്രഗതി എന്നീ മുന്തിയ ഇനങ്ങളുമാണ് കൃഷി. കസ്തൂരി മഞ്ഞൾ വിത്ത് കിലോക്ക് 500 രൂപ നിരക്കിലും പ്രതിഭയും പ്രഗതിയും കിലോക്ക് 125 രൂപ നിരക്കിലും നാടൻ മഞ്ഞൾ 30 രൂപ നിരക്കിലുമാണ് സംഘടിപ്പിച്ചത്.

നാടൻ മഞ്ഞൾ ബാഗ്ലൂരിലെ കമ്പനിക്കു നൽകാനാണ് ഉദ്ദേശിക്കുന്നത്. മറ്റുള്ളവയ്ക്ക് പ്രാദേശിക വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. ഒമ്പതുമാസം കൊണ്ട് മഞ്ഞൾ വിളവെടുക്കാം. പ്രഗതി ഇനം ആറുമാസം കൊണ്ടും വിളവെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇവർ പറയുന്നു. മേഖലയിലെ കാട്ടുമുണ്ട, എറിയാട്, കോഴിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ കൃഷി, അടുത്ത വർഷത്തോടെ വിപുലമായ തോതിൽ വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് ജുമൈലാ ബാനു. ഭർത്താവ് കുറ്റിക്കാട്ടൂർ കീഴുമഠത്തിൽ മുസ്തഫ സൗദി അറേബ്യയിൽ ബിസിനസുകാരനാണ്. ഏകമകൾ ഷിഫ മുബാറക്ക യൂറോപ്പിൽ എം ബി ബി എസ് വിദ്യാർഥിനിയാണ്.

Follow Us:
Download App:
  • android
  • ios