വണ്ടൂര്‍ വാണിയമ്പലത്ത് പച്ചക്കറിക്കടയുടമയുടെ മകനായ മുഹമ്മദ് ഫഹദിന് വെട്ടേറ്റു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള ആക്രമണത്തില്‍ പ്രതിയായ മിസ്ഹബിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗള്‍ഫിലെ ജോലി സംബന്ധമായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

മലപ്പുറം: വണ്ടൂര്‍ വാണിയമ്പലത്ത് പച്ചക്കറിക്കട നടത്തുന്ന യുവാവിന് നേരെ ക്രൂരമായ ആക്രമണം. കാളികാവ് അഞ്ചച്ചവടി സ്വദേശിയായ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കെ.വി വെജിറ്റബിള്‍സ് കടയുടമയുടെ മകന്‍ മുഹമ്മദ് ഫഹദിനാണ് (18) ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ അഞ്ചച്ചവടി വെന്തോടന്‍ പടി സ്വദേശി മിസ്ഹബിനെ (30) രാത്രി വൈകി വീടിന് സമീപത്ത് വെച്ച് പോലീസ് പിടികൂടുകയായിരുന്നു.

മുഹമ്മദ് ഫഹദ് പച്ചക്കറിക്കട അടയ്ക്കുന്ന സമയത്താണ് സംഭവം നടന്നത്. മിസ്ഹബ് നീളമുള്ള കത്തികൊണ്ട് ഫഹദിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. പരിക്കേറ്റ ഫഹദിനെ ഉടന്‍ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ട്. സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് കാരണം. മുമ്പ് മിസ്ഹബിനെ ഫഹദിന്റെ പിതാവ് ഗള്‍ഫിലെ തന്റെ കടയില്‍ ജോലിക്ക് കൊണ്ടുപോയിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ഗള്‍ഫില്‍ പോകാനായി നല്‍കിയ പണം മിസ്ഹബ് മുന്‍പ് കടയിലെത്തി തിരിച്ചു ചോദിച്ചിരുന്നതായും ഇതുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ ഇടപെട്ടിരുന്നതായും പറയപ്പെടുന്നു. വണ്ടൂര്‍ പോലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.