പരാതികാരിയായ കുട്ടിയെ, കുട്ടി താമസിച്ചു വന്നിരുന്ന വീട്ടില്‍ നിന്നും പ്രതി തട്ടികൊണ്ടു പോയി സ്വന്തം വീട്ടില്‍ വെച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു
മലപ്പുറം: എസ് സി വിഭാഗത്തില്‍പ്പെട്ട പത്ത് വയസുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 1.15 ലക്ഷം രൂപ പിഴയും അടക്കാന്‍ വിധി. എടക്കര പാലേമാട് മേല്‍മുറിയില്‍ സുധീഷ് (40 )നെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. ജഡ്ജ് കെ പി ജോയ് ആണ് ശിക്ഷ വിധിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പരാതികാരിയായ കുട്ടിയെ, കുട്ടി താമസിച്ചു വന്നിരുന്ന വീട്ടില്‍ നിന്നും പ്രതി തട്ടികൊണ്ടു പോയി സ്വന്തം വീട്ടില്‍ വെച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. എടക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പെരിന്തല്‍മണ്ണ ഡി വൈ എസ് പിയായിരുന്ന എം പി മോഹ ചന്ദ്രനാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സാം കെ ഫ്രാന്‍സിസ് ഹാജരായി. വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടക്കുന്ന പക്ഷം അതിജീവതക്ക് ഈ തുക നല്‍കേണ്ടതാണ്. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചു.

അതേസമയം മലപ്പുറത്ത് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത രണ്ട് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളോട് ലൈംഗിക അതിക്രമത്തിന് ശ്രമിച്ച അധ്യാപകന് 29 വര്‍ഷം കഠിന തടവും, രണ്ടര ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു എന്നതാണ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ആയിരുന്ന എറണാകുളം നടമുറി മഞ്ഞപ്ര പാലട്ടി ബെന്നി പോള്‍ ( 50 )നെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് അനില്‍കുമാര്‍ ശിക്ഷിച്ചത്. പഠിപ്പിച്ച സ്‌കൂളിലും, പരീക്ഷാ ഡ്യൂട്ടിക്ക് എത്തിയ സ്‌കൂളിലും, പ്രതി പോക്‌സോ നിയമപ്രകാരം കുറ്റകൃത്യം ചെയ്തു എന്ന രണ്ട് കേസുകളിലായാണ് ശിക്ഷ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ഥികളോട് ലൈംഗിക അതിക്രമത്തിനു മുതിര്‍ന്ന സംഭവത്തില്‍ 13 വര്‍ഷം കഠിന തടവിനും 1,30,000രൂപ പിഴ അടക്കണമെന്നുമാണ് വിധി.
