തിരുനാവായയിലെ വലിയപറപ്പൂര്‍ കായല്‍, കോട്ടക്കല്‍, തിരുത്തി, ചാലിയാര്‍പാടം, അജിതപ്പടി, പള്ളാര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായി താമരക്കൃഷി നടക്കുന്നത്. പൂജകള്‍ക്കും ക്ഷേത്രങ്ങളിലേക്കുമുള്ള ആവശ്യവുമാണ് പ്രധാന വിപണി. ഓണം ഉള്‍പ്പെടെയുള്ള പ്രധാന ഉത്സവകാലങ്ങള്‍ കഴിഞ്ഞതോടെ ആവശ്യക്കാര്‍ കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം.

മലപ്പുറം: കായല്‍പ്പാടങ്ങളില്‍ നിറയെ താമരപ്പൂക്കള്‍ വിരിഞ്ഞിട്ടും കര്‍ഷകരുടെ കൈകളിലേക്ക് വരുമാനമെത്തുന്നില്ല. തിരുനാവായയിലും സമീപപ്രദേശങ്ങളിലുമായി വ്യാപകമായി നടക്കുന്ന താമരക്കൃഷിയാണ് വിപണിയിലെ ആവശ്യക്കുറവും വിലയിടിവും കാരണം പ്രതിസന്ധിയിലായത്. ലക്ഷക്കണക്കിന് പൂക്കള്‍ വിളവെടുക്കാനാകാതെ തണ്ടില്‍ തന്നെ വിരിഞ്ഞ് ദിവസങ്ങള്‍ക്കകം കൊഴിഞ്ഞുപോകുകയാണ്.

തിരുനാവായയിലെ വലിയപറപ്പൂര്‍ കായല്‍, കോട്ടക്കല്‍, തിരുത്തി, ചാലിയാര്‍പാടം, അജിതപ്പടി, പള്ളാര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായി താമരക്കൃഷി നടക്കുന്നത്. പൂജകള്‍ക്കും ക്ഷേത്രങ്ങളിലേക്കുമുള്ള ആവശ്യവുമാണ് പ്രധാന വിപണി. ഓണം ഉള്‍പ്പെടെയുള്ള പ്രധാന ഉത്സവകാലങ്ങള്‍ കഴിഞ്ഞതോടെ ആവശ്യക്കാര്‍ കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഗണേശോത്സവത്തിന്റെ സമയമാറ്റവും ഇത്തവണ വിപണിയെ ബാധിച്ചതായി കര്‍ഷകര്‍ പറയുന്നു.

സാധാരണ സമയങ്ങളില്‍ താമരമൊട്ടുകള്‍ക്ക് മികച്ച വില ലഭിക്കാറുണ്ടെങ്കിലും ആവശ്യക്കുറവുണ്ടാകുമ്പോള്‍ വില കുത്തനെ താഴുന്നു. വില്‍പ്പന നടക്കാത്തതിനാല്‍ വിളവെടുപ്പിനായി ചെലവഴിച്ച പണവും അധ്വാനവും തിരിച്ചുകിട്ടാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. വരാനിരിക്കുന്ന നവരാത്രി, പൂജാ ദിവസങ്ങളില്‍ വിപണി സജീവമാകുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഇപ്പോള്‍ നശിച്ചുപോകുന്ന പൂക്കള്‍ കാരണം അതുവരെ കൃഷിയില്‍നിന്ന് ലഭിക്കേണ്ട വരുമാനം നഷ്ടപ്പെടുകയാണ്.

'പുഷ്പഗ്രാമം' പ്രഖ്യാപനം; തുടര്‍നടപടികള്‍ എവിടെ?

താമരക്കൃഷിക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനായി തിരുനാവായയെ 'പുഷ്പഗ്രാമം' ആയി പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രഖ്യാപനത്തിന് പിന്നാലെയുള്ള പദ്ധതികള്‍ കാര്യമായി മുന്നോട്ടുപോയില്ലെന്നാണ് കര്‍ഷകരുടെ പരാതി. താമരയില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍, ഔഷധ ഉല്‍പ്പന്നങ്ങള്‍, മറ്റ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിലൂടെ വിപണിയിലെത്താത്ത പൂക്കളില്‍നിന്നും വരുമാനം കണ്ടെത്താനുള്ള സാധ്യതകളും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിലയിലെ സ്ഥിരതയില്ലായ്മയ്‌ക്കൊപ്പം തൊഴിലാളി ക്ഷാമം, കീടബാധ, പ്രളയം തുടങ്ങിയ പ്രശ്‌നങ്ങളും കര്‍ഷകര്‍ നേരിടുന്നുണ്ട്. കൃഷിയെ ആശ്രയിക്കുന്ന കുടുംബങ്ങള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കാന്‍ വിപണന സംവിധാനവും സംഭരണ സൗകര്യങ്ങളും സര്‍ക്കാര്‍തലത്തിലുള്ള പിന്തുണയും വേണമെന്നാണ് ആവശ്യം.