Asianet News MalayalamAsianet News Malayalam

കൊക്കയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍

നൗഫലിന്റെ ഉറ്റ സുഹൃത്തും വഴിക്കടവ് ഒറ്റയിൽ അസ്ലം ബാഷയുടെ മകനും എടരിക്കോട് ഒറ്റത്തെങ്ങിനു സമീപം താമസക്കാരനുമായ മുഹമ്മദ് സൽമാൻ (22) നെയാണ് വേങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.  

malappuram vengara young man arrested for friend murder
Author
Malappuram, First Published Apr 11, 2021, 12:13 AM IST

വേങ്ങര: ഊരകം എരമപാറയിൽ കൊക്കയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തിൽ പ്രതി സൽമാനെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ് നാലിനാണ് ഊരകം മലയിൽ കൊക്കയിൽ വീണ് മരിച്ച നിലയിൽ ആലപ്പുഴ നൂറനാട് ആദിക്കാട് കുളങ്ങര പൊന്മാന കിഴക്കേത്ത് താജുദ്ദീന്റെ മകനും എടരിക്കോട് പുതുപ്പറമ്പിലെ വാടക ക്വാർട്ടേഴ്‌സിലെ താമസക്കാരനുമായ നൗഫൽ (18)ന്റെ മൃതദേഹം കണ്ടെത്തിയത്. 

നൗഫലിന്റെ ഉറ്റ സുഹൃത്തും വഴിക്കടവ് ഒറ്റയിൽ അസ്ലം ബാഷയുടെ മകനും എടരിക്കോട് ഒറ്റത്തെങ്ങിനു സമീപം താമസക്കാരനുമായ മുഹമ്മദ് സൽമാൻ (22) നെയാണ് വേങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ മൂന്നിനു വൈകുന്നേരം അഞ്ചരയോടെ  നൗഫൽ താമസിക്കുന്ന ക്വോർട്ടേഴ്‌സിൽ നിന്നും മുഹമ്മദ് സൽമാൻ വിളിച്ചിറക്കിക്കൊണ്ടുവരികയായിരുന്നു. തുടർന്ന് ഇരുവരും ബൈക്കില്‍ ഊരകം മലയിലെ എരുമപ്പാറയിൽ എത്തുകയും ഇരുവരും കഞ്ചാവ് വലിക്കുകയും ചെയ്തു. ലഹരിയിൽ ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് മുഹമ്മദ് സൽമാൻ, നൗഫലിനെ അടിച്ചുവീഴ്ത്തി. 

നീണ്ട മുടിയുള്ള നൗഫിലിന്റെ തല മൂന്നു തവണ പാറയിൽ ഇടിച്ചതിനാൽ മാരകമായ മുറിവുണ്ടാവുകയും രക്തം വാർന്ന് നൗഫൽ മരിക്കുകയും ചെയ്തു. പിന്നീട് നൗഫലിനെ താഴേക്ക് തള്ളിയിട്ടു. എന്നാൽ മൃതദേഹം പുല്ലിൽ തടഞ്ഞു നിന്നു. വീണ്ടും മുഹമ്മദ് സൽമാൻ താഴെയെത്തി നാല്പത് മീറ്ററോളം താഴ്ച്ചയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയ്ക്കിടത്തി. തുടർന്ന്  ഒറ്റത്തെങ്ങിൽ ബൈക്കിലെത്തിയ സൽമാൻ മാതാവിനെ കൂട്ടി പിതാവിന്റെ നാടായ മൈസൂരിലേക്കു പോയി. അതേ സമയം നൗഫൽ വീട്ടിലെത്താത്തതിനാൽ വീട്ടുകാരും നാട്ടുകാരും അന്വേഷണം തുടങ്ങി.

ചോദ്യം ചെയ്യലിന് എടുക്കുന്നതിന് ഹാജരാകണം എന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രതി വേങ്ങര പോലീസ് സ്റ്റേഷനിൽ എത്തുന്നത്. വെള്ളിയാഴ്ച്ച അറസ്റ്റു ചെയ്ത്  മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കേസന്വേഷണത്തിനായി  നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ രാവിലെ പതിനൊന്ന് മണിക്ക് ഊരകം എരുമപ്പാറയിലും തുടർന്ന് പുതുപ്പറമ്പിലെ നൗഫലിന്റെ വീട്ടിലും എത്തിച്ച്  തെളിവെടുപ്പ് നടത്തി.

Follow Us:
Download App:
  • android
  • ios