മലപ്പുറം: മലപ്പുറത്തുനിന്നും കാണാതായ അധ്യാപകന്‍ ലുഖ്മാനു(34)മായി ഫോണില്‍ ബന്ധപ്പെടാനായെന്ന് സഹോദരന്‍. ഇന്ന് രാവിലെ ലുഖ്മാനെ കാണാനില്ലെന്ന് പരാതി നല്‍കിയ സഹോദരന്‍ മുര്‍ഷിദാണ് ഇക്കാര്യം അറിയിച്ചത്. മൊബൈല്‍ ഫോണില്‍ നേരത്തെ അയച്ച മെസേജ് ലുഖ്മാന് കിട്ടിയെന്ന് അറിഞ്ഞതോടെയാണ് ആശങ്ക അകന്നത്. ഇതിനു പിന്നാലെ ലുഖ്മാനെ ഫോണില്‍ വിളിച്ച് സംസാരിക്കാന്‍ ബന്ധുക്കള്‍ക്ക് സാധിച്ചു.

വിട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും അധികം വൈകാതെ എത്തുമെന്നും ലുഖ്മാന്‍ വ്യക്തമാക്കിയതായി മുര്‍ഷിദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഇന്നലെ മുതല്‍ എവിടെയായിരുന്നു എന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ലുഖ്മാന്‍ പറഞ്ഞിട്ടില്ലെന്നും വീട്ടില്‍ വന്ന ശേഷം വിശദമായി സംസാരിക്കാമെന്നുമാണ് പറഞ്ഞതെന്നും സഹോദരന്‍ വ്യക്തമാക്കി. പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളതിനാല്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷമാകും വീട്ടിലെത്തുക.

ഇന്നലെ കോളേജിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ലുഖ്മാനെ വളവന്നൂരില്‍ നിന്നുമാണ് കാണാതായതെന്ന് വ്യക്തമാക്കി സഹോദരന്‍ ഇന്ന് രാവിലെയാണ് ഫേസ്ബുക്ക് കുറിപ്പിട്ടത്. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ലുക്മാന്‍ കല്‍പറ്റ ഗവ. കോളേജ് ജേര്‍ണലിസം അധ്യാപകമാണ്. ഇദ്ദേഹം പുത്തനത്താണി ഗൈഡ് കോളജിലും ജോലി ചെയ്യുന്നുണ്ട്. വിവാഹിതനും രണ്ട് വയസുള്ള കുട്ടിയുടെ പിതാവുമാണ് ലുക്മാന്‍.