Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടിലെ മലയാളി ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍; പാല്‍ എടുക്കില്ലെന്ന് കേരളത്തിലെ ഡയറികള്‍

അമ്പലവയല്‍ ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ പരിധിയില്‍ വരാത്ത പ്രദേശത്തുനിന്നുള്ള പാല്‍ ശേഖരിക്കാന്‍ നിര്‍വാഹമില്ലെന്നാണ് സംഘം അധികൃതര്‍ പറയുന്നത്. 

malayalee dairy farmers in tamil nadu in crisis
Author
Kalpetta, First Published Jan 1, 2020, 8:21 AM IST

കല്‍പ്പറ്റ: ഒരിടവേളക്ക് ശേഷം കേരള-കര്‍ണാടക അതിര്‍ത്തിയിലെ മലയാളി ക്ഷീര കര്‍ഷകര്‍ വീണ്ടും പ്രതിസന്ധിയിലേക്ക്. തമിഴ്നാട്ടില്‍ ഉത്പാദിപ്പിക്കുന്ന പാല്‍ കേരള ക്ഷീരവികസന വകുപ്പ് സ്വീകരിക്കാത്തതാണ് ഇവര്‍ക്ക് വിനയായിരിക്കുന്നത്. തമിഴ്‌നാടിന്റെ ഭാഗമായ കോളിമൂല, മാങ്ങോട്, പൂളക്കുണ്ട് പ്രദേശത്ത് നൂറിലധികം ക്ഷീരകര്‍ഷകരുണ്ട്. അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള മലയാളികളാണിവര്‍.

വര്‍ഷങ്ങളായി ഇവര്‍ കേരളത്തിലേക്കാണ് പാല്‍ നല്‍കുന്നത്. എന്നാല്‍ ജനുവരി മുതല്‍ തമിഴ്നാട്ടില്‍നിന്നുള്ള പാല്‍ എടുക്കാനാകില്ലെന്ന് വയനാട്ടിലെ ക്ഷീര സഹകരണ സംഘങ്ങള്‍ അറിയിച്ചതോടെയാണ് ഇവര്‍ വിഷമത്തിലായിരിക്കുന്നത്. ഒരുവര്‍ഷം മുമ്പുവരെ വയനാട് മില്‍ക്ക് ആണ് പാല്‍ ശേഖരിച്ചിരുന്നത്. പാല്‍ കൂടുതലാണെന്ന കാരണത്താല്‍ വയനാട് മില്‍ക്ക് തമിഴ്നാട്ടില്‍നിന്നുള്ള പാല്‍ ശേഖരണം നിര്‍ത്തി. പിന്നീട് അമ്പലവയല്‍ ക്ഷീരോത്പാദക സഹകരണ സംഘം പാല്‍ വാങ്ങാന്‍ തയ്യാറായി. എന്നാല്‍ സഹകരണ സംഘം ഓഫീസില്‍ വാഹനത്തില്‍ എത്തിച്ചു നല്‍കണമായിരുന്നു. 

ഇതിനായി കര്‍ഷകര്‍ ചേര്‍ന്ന് അയല്‍ക്കൂട്ടം രൂപവത്കരിച്ചു. കോളിമൂലയില്‍ പാല്‍ ശേഖരിച്ച് വാഹനത്തില്‍ തോമാട്ടുചാലിലെ ഡയറിയില്‍ എത്തിക്കുകയാണ് ചെയ്തിരുന്നത്. വാഹനം വാങ്ങി ഒരാളെ ഇതിനായി ചുമതലപ്പെടുത്തി. ഒരു വര്‍ഷമായി പാല്‍ എടുക്കുന്ന സംഘം ഇനി പാല്‍ വേണ്ടെന്ന നിലപാടിലാണെന്ന് കര്‍ഷകര്‍ പറയുന്നു. കേരള ക്ഷീരവികസനവകുപ്പിന് അതിര്‍ത്തിയിലെ മലയാളികളോട് ചിറ്റമ്മനയമാണെന്ന് ആരോപിച്ച് കര്‍ഷകര്‍ കോളിമൂലയില്‍ പാല്‍ റോഡിലൊഴിച്ച് പ്രതിഷേധിച്ചു. 

അതേസമയം അമ്പലവയല്‍ ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ പരിധിയില്‍ വരാത്ത പ്രദേശത്തുനിന്നുള്ള പാല്‍ ശേഖരിക്കാന്‍ നിര്‍വാഹമില്ലെന്നാണ് സംഘം അധികൃതര്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ പാലിന് മതിയായ വില ലഭിക്കുന്നില്ലെന്നതാണ് കൂനിന്മേല്‍ കുരുവായിരിക്കുന്നത്. ഒരുലിറ്റര്‍ പാലിന് കേരളത്തില്‍ 42 രൂപവരെ ലഭിക്കുമ്പോള്‍ തമിഴ്നാട്ടില്‍ കിട്ടുന്നത് 28 രൂപയാണ്. 

മുപ്പതുവര്‍ഷമായി കേരളത്തിലാണ് തങ്ങള്‍ പാല്‍ നല്‍കിക്കൊണ്ടിരുന്നതെന്നും തുടര്‍ന്നും ഇതിനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിത്തരണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. കേരളത്തിലാണ് തങ്ങള്‍ പാല്‍ നല്‍കിക്കൊണ്ടിരുന്നതെന്നും തുടര്‍ന്നും ഇതിനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിത്തരണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
 

Follow Us:
Download App:
  • android
  • ios