പത്തനംതിട്ടയിൽ എക്സൈസ് നടത്തിയ 'ഓപ്പറേഷൻ തണ്ടറി'ന്‍റെ ഭാഗമായി പ്രമുഖ ലഹരി വിതരണക്കാരൻ പിടിയിലായി. 'കൊറിയർ സ്റ്റാൻലി' എന്നറിയപ്പെടുന്ന സ്റ്റാൻലി തോമസ് മാത്യുവിനെ 0.665 ഗ്രാം എംഡിഎംഎയുമായിയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇയാൾ മേഖലയിലെ ലഹരിമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് എക്സൈസ് അറിയിച്ചു.

പത്തനംതിട്ട: ജില്ലയിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് ശക്തമാക്കിയ 'ഓപ്പറേഷൻ തണ്ടറി'ന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രമുഖ ലഹരി വിതരണക്കാരൻ പിടിയിൽ. മല്ലപ്പള്ളി താലൂക്കിൽ പെരുമ്പട്ടി വില്ലേജിൽ കൊറ്റനാട് കരയിൽ പീടികയിൽ വീട്ടിൽ തോമസ് മാത്യുവിന്‍റെ മകൻ 'കൊറിയർ സ്റ്റാൻലി' എന്നറിയപ്പെടുന്ന സ്റ്റാൻലി തോമസ് മാത്യുവിനെയാണ് (38) 0.665 ഗ്രാം എംഡിഎംഎ യുമായി പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഇയാൾ ഉപയോഗിച്ചിരുന്ന കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം ഒ വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എസ്. എസ്. ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിതിൻ എൻ., നിതിൻ ശ്രീകുമാർ, കൃഷ്ണകുമാർ എം. എസ്., സോജൻ എച്ച്., വിഷ്ണു വി. വനിതാ സിവിൽ എക്സൈസ് ഓഫീസർ ഭാഗ്യലക്ഷ്മി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. മേഖലയിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ സ്റ്റാൻലിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.