സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ സിസിടിവി വഴിത്തിരിവായി, വാഴക്കുളത്ത് സഹോദരനെ മർദിച്ച് കൊന്ന യുവാവ് പിടിയിൽ
ഹൃദയാഘാതമാണ് മരണക്കാരണമെന്നാണ് ആദ്യം കരുതിയത്. ഷിന്റോയും സുഹൃത്തുക്കളും ചേര്‍ന്ന് ഷാമോനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശങ്ങൾ പൊലീസിന്റെ കൈയിൽ എത്തിയതോടെ സംഭവത്തിൽ വഴിത്തിരിവുണ്ടായി.
വാഴക്കുളം: മൂവാറ്റുപുഴ വാഴക്കുളത്ത് സഹോദരനെ മർദ്ദിച്ച് കൊന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴക്കുളം സ്വദേശി ഷിന്റോയെയാണ് പൊലീസ് പിടികൂടിയത്. ഷിന്‍റോയുടെയും സുഹൃത്തുക്കളുടെയും മർദ്ദനമേറ്റ് കഴിഞ്ഞ ദിവസമാണ് ഷാമോൻ മരിചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് ഷാമോനെ സഹോദരനായ ഷിന്‍റോയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുന്നത്. വാഴകുളത്തെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം.
മര്‍ദ്ദനത്തെ തുടര്‍ന്ന് ഷാമോൻ അവശ നിലയിലായി. ഷാമോനെ ആദ്യം തൊടുപുഴയിലെ ആശുപത്രിയിലേക്ക് എത്തിച്ച് തിരികെ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും ശാരീരിക അസ്വസ്ഥകൾ തുടര്‍ന്നതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടായിരുന്നു ഷാമോന്റെ മരണം. ഹൃദയാഘാതമാണ് മരണക്കാരണമെന്നാണ് ആദ്യം കരുതിയത്. ഷിന്റോയും സുഹൃത്തുക്കളും ചേര്‍ന്ന് ഷാമോനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശങ്ങൾ പൊലീസിന്റെ കൈയിൽ എത്തിയതോടെ സംഭവത്തിൽ വഴിത്തിരിവുണ്ടായി.
തുടർന്ന് മൃതദേഹം പൊലീസ് പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു. മർദ്ദനത്തിൽ വാരിയെല്ല് തകർണെന്നും അസ്ഥി ഹൃദയത്തിലേക്ക് കയറിയാണ് മരണം എന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. സംഭവസമയത്ത് ഷിന്റോയും സുഹൃത്തുക്കളും മദ്യപിച്ചിരുന്നു. തുടർന്നുള്ള തർക്കമാണ് മർദ്ദനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വ്യക്തതക്കായി ഷിന്റോയെയം സുഹൃത്തുക്കളെയും അടുത്തദിവസം പൊലീസ് വീണ്ടും വിശദമായി ചോദ്യംചെയ്യും. ഇതിനുശേഷമേ കൂടുതൽ അറസ്റ്റിലേക്ക് കടക്കു. അറസ്റ്റിലായ ഷിന്റോയെ നാളെ കോടതിയിൽ ഹാജരാക്കും.
Read More : 40 കിലോമീറ്റർ വേഗതയിൽ കാറ്റ്, അടുത്ത 3 മണിക്കൂറിൽ 6 ജില്ലകളിൽ ശക്തമായ മഴ, ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്