സുല്‍ത്താന്‍ ബത്തേരിയിലെ റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ ഒരാളെ കൂടി പോലീസ് പിടികൂടി. ബെംഗളുരുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന ചീരാല്‍ സ്വദേശി ജോഷ്വ വര്‍ഗീസാണ് അറസ്റ്റിലായത്.  

സുല്‍ത്താന്‍ ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ഇരുമ്പുപട്ട കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും റിസോര്‍ട്ടില്‍ നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാളെ കൂടി ബത്തേരി പോലീസ് പിടികൂടി. ചീരാല്‍ മേച്ചേരി മഠം വീട്ടില്‍ ജോഷ്വ വര്‍ഗീസിനെയാണ് (35) ബെംഗളുരുവില്‍ ഒളിവില്‍ കഴിയവെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ 2009-ല്‍ ബത്തേരി സ്റ്റേഷന്‍ പരിധിയില്‍ നടന്ന അടിപിടിക്കേസിലും 2014-ല്‍ ലഹരിക്കേസിലും പ്രതിയാണ്. റിസോര്‍ട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ പുത്തന്‍ക്കുന്ന് തെക്കുംകാട്ടില്‍ വീട്ടില്‍ ടി. നിഥുന്‍(35), ദൊട്ടപ്പന്‍കുളം നൂര്‍മഹല്‍ വീട്ടില്‍ മുഹമ്മദ് ജറീര്‍(32), കടല്‍മാട് കൊച്ചുപുരക്കല്‍ വീട്ടില്‍ അബിന്‍ കെ. ബവാസ് (32), ചുള്ളിയോട് പനച്ചമൂട്ടില്‍ വീട്ടില്‍ പി. അജിന്‍ ബേബി(32) എന്നിവരെ സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്.

കഴിഞ്ഞ മാസം 22ന് രാത്രിയില്‍ ബത്തേരി നഗരപ്രാന്തത്തിലുള്ള പൂതിക്കാട് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ രണ്ടു കാറുകളിലായെത്തിയാണ് സംഘം ആക്രമണം നടത്തിയത്. അതിക്രമിച്ച് കടന്ന ആറംഗ സംഘം പരാതിക്കാരനെയും സുഹൃത്തിനെയും കൈ കൊണ്ടും ഇരുമ്പുപട്ട കൊണ്ടും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയായിരുന്നു. വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തല്‍, ആയുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, വധശ്രമം തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാവാനുണ്ട്. എ.എസ്.ഐ ജയകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സബിത്ത്, പ്രിവിന്‍ ഫ്രാന്‍സിസ് എന്നിവരടങ്ങിയ സംഘമാണ് ജോഷ്വ വര്‍ഗീസിനെ ബെംഗളുരുവിലെത്തി പിടികൂടിയത്.