മലപ്പുറം: നിലമ്പൂര്‍ പുല്ലങ്കോട് റബര്‍ എസ്റ്റേറ്റില്‍ കടുവകളെ വെടിവച്ച് കൊന്ന് കുഴിച്ചിട്ടെന്ന് ആരോപണം. എസ്റ്റേറ്റിലെ മാനേജ്‌മെന്റിന്റെ സഹായത്തോടെയാണ് നായാട്ടുകാര്‍ മൂന്ന് കടുവകളെ കൊന്ന് കുഴിച്ചിട്ടതെന്ന് എസ്റ്റേറ്റിലെ ജീവനക്കാരന്‍ പറഞ്ഞു.

രണ്ടരകൊല്ലം മുമ്പാണ് കടുവകളെ കൊന്നതെന്ന് എസ്റ്റേറ്റിലെ ജീവനക്കാരന്‍ സഫീര്‍ പറഞ്ഞു. നാല് കടുവകളെ വെടിവച്ചെങ്കിലും മൂന്നെണ്ണം ചത്തു. സമീപത്തെ രണ്ട് പേരുടെ സഹായത്തോടെ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് മൂന്നു കടുവകളേയും എസ്റ്റേറ്റില്‍ തന്നെ കുഴിച്ചിട്ടു. ഭക്ഷണത്തിനു വേണ്ടി എസ്റ്റേറ്റില്‍ നായാട്ടുകാര്‍ സ്ഥിരമായി മൃഗവേട്ട നടത്താറുണ്ട്. ഇതിനിടയിലാണ് കടുവകള്‍ ആക്രമിക്കുമെന്ന് ഭയന്ന് വെടിവച്ച് കൊന്നതെന്നും സഫീര്‍ ആരോപിച്ചു

ഇക്കാര്യം വനം വകുപ്പുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പരാതിക്കു പിന്നില്‍ താനാണെന്ന് മനസിലാക്കിയ മാനേജ്‌മെന്റ് തന്നെ സസ്‌പെന്റ് ചെയ്‌തെന്നും സഫീര്‍ പറഞ്ഞു. കൊല്ലപ്പെട്ട കടുവയുടെ നഖങ്ങള്‍ തെളിവിനായി സൂക്ഷിച്ചിരിക്കുകയാണെന്നും സഫീര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നുവെന്നും തെളിവ് കിട്ടിയില്ലെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം. മാനേജ്‌മെന്റിന്റെ അറിവോടെ ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് എസ്റ്റേറ്റ് മാനേജ്‌മെന്റും അറിയിച്ചു.