Asianet News MalayalamAsianet News Malayalam

ഓറഞ്ച് കച്ചവടം മറയാക്കി കഞ്ചാവും വിദേശ മദ്യ വില്പനയും: മധ്യവയസ്കന്‍ പിടിയിൽ

എക്സൈസ് സംഘം വീട് വളയുമ്പോൾ സലാം ചില്ലറ വില്പനക്കായുള്ള കഞ്ചാവ് പൊതികൾ തയാറാക്കുന്ന തിരക്കിലായിരുന്നു...

man arrested and seized ganja and foreign liquor from his home
Author
Malappuram, First Published Nov 22, 2019, 1:55 PM IST

മഞ്ചേരി: ഗുഡ്‌സ് ഔട്ടോയിൽ ഓറഞ്ച് വിൽപ്പന നടത്തുന്നത് മറയാക്കി കഞ്ചാവും വിദേശ മദ്യവും വിറ്റ മധ്യവയസ്കനെ എക്സൈസ്  സംഘം പിടികൂടി. നെല്ലിക്കുത്ത് മില്ലുംപടിയിൽ കോട്ടക്കുത്ത് അബ്ദുൽ സലാമാണ് (48) പിടിയിലായത്.  എക്‌സൈസ് ഇൻസ്‌പെക്ടർ ഇ ജിനീഷും സംഘവും സലാമിന്‍റെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിൽ എട്ട് കിലോ കഞ്ചാവും 108 കുപ്പി മാഹി നിർമ്മിത വിദേശ മദ്യവും കണ്ടെടുത്തു.

എക്‌സൈസ് ഇന്‍റലിജലൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ രാത്രിയാണ് അധികൃതർ വീട്ടിൽ മിന്നൽ പരിശോധന നടത്തിയത്.  എക്സൈസ് സംഘം വീട് വളയുമ്പോൾ സലാം ചില്ലറ വില്പനക്കായുള്ള കഞ്ചാവ് പൊതികൾ തയാറാക്കുന്ന തിരക്കിലായിരുന്നു. വീട് വിശദമായി പരിശോധിച്ചതോടെയാണ് കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കേരളത്തിൽ വില്പന നിരോധിച്ച മാഹി മദ്യത്തിന്‍റെ വൻ ശേഖരം കണ്ടെത്തിയത്.  

കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, പൊതിയാനുള്ള  നൂറുകണക്കിന് പോളിത്തീൻ കവർ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഗുഡ്സ് ഓട്ടോയിൽ ഓറഞ്ച് കച്ചവടം ചെയ്യുന്ന സലാം അതിന്‍റെ മറവിലാണ് കഞ്ചാവും മദ്യവും വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.   ഗൾഫിൽ ജോലി ചെയ്യവെ ഉണ്ടായിരുന്ന ബന്ധങ്ങളാണ് മലയോര മേഖലയിൽ മാഹി മദ്യ  വില്പന നടത്താൻ  ഇയാൾക്ക് തുണയായത്. 

മദ്യ കച്ചവടം കൊഴുത്തത്തോടെ നാട്ടിൽ ഉണ്ടായിരുന്ന ഡ്രൈവർ ജോലി ഉപേക്ഷിച്ചു മദ്യക്കടത്തിലും  കഞ്ചാവ് വില്പനയിലും സജീവമാവുകയായിരുന്നു. ലഹരി വിൽപ്പന നാട്ടിൽ നിന്ന് ദൂരെ ആയിരുന്നതിനാലും ചില്ലറ വില്പന നടത്താൻ സഹായികളെ ഉപയോഗിച്ചതിനാലും നാട്ടുകാർക്കിടയിൽ ഓറഞ്ച് വിൽപ്പനക്കാരനായി തുടർന്നു. ഏറെ നാളത്തെ നിരീക്ഷണത്തിലൂടെയാണ് ഇയാളുടെ വിൽപ്പന രീതികൾ എക്സൈസ് ഇന്‍റലിജൻസ് വിഭാഗം കണ്ടെത്തിയത്.  

Follow Us:
Download App:
  • android
  • ios