തിരുവനന്തപുരത്ത് കിടപ്പുരോഗിയായ അയൽക്കാരനെ ആക്രമിക്കുന്നത് തടഞ്ഞ യുവാവിന് നേരെ ക്രൂരമർദനവും കൊലപാതകശ്രമവും. പാച്ചല്ലൂർ സ്വദേശി സുരേഷിനെ ആക്രമിച്ച കേസിൽ തിരുവല്ലം പനത്തുറ സ്വദേശി ഹരിയെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഹരിയെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: അയല്‍ക്കാരനായ കിടപ്പുരോഗിയെ ആക്രമിക്കുന്നത് തടഞ്ഞ യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത പ്രതിയെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ക്രൂരതയ്ക്കിരയായ പാച്ചല്ലൂര്‍ സ്വദേശി സുരേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവല്ലം പനത്തുറ വടക്കേ കൂനംതുരുത്തിയില് ഹരി(34) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെ നടന്ന സംഭവത്തില്‍ അയല്‍ക്കാരനായ കിടപ്പുരോഗിയെ ഹരി ആക്രമിക്കുന്നത് കണ്ട് സുരേഷ് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായത്. പ്രതി കൈയില്‍ കരുതിയ ഇടിവള ഉപയോഗിച്ച് സുരേഷിന്റെ തലയിലും മുഖത്തും ക്രൂരമായി മര്‍ദിക്കുകയും നിലത്തിട്ട് വലിച്ചിഴക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ ആര്‍എച്ച്എസ് പ്രതിയും തിരുവല്ലം, കോവളം സ്റ്റേഷനുകളിലായി അഞ്ചോളം ആക്രമണ കേസുകളില്‍ പ്രതിയുമായ ഹരിക്കെതിരെ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.



