കായംകുളം: കൊലപാതകമുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയെ കേരള-തമിഴ്നാട് അതിർത്തിയിൽ നിന്നും കായംകുളം പൊലീസ് അറസ്റ്റു ചെയ്തു. മാർത്താണ്ഡം തക്കല ചേക്കൽ ചെമ്മൻകാല വിളയിൽ രാജേഷ് (32)നെയാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ലക്ഷങ്ങൾ വിലയുള്ള ക്യാമറകളുമായി മുങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. 

കഴിഞ്ഞ  29 ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തിയ രാജേഷ് പുതിയിടം കാർത്തിക സ്റ്റുഡിയോ ഉടമ ശിവകുമാറിനെ സമീപിക്കുകയും ദേശീയപാതയിൽ ഇറക്കിയിട്ടിരിക്കുന്ന മെറ്റലിന്റെ ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇയാൾ നങ്ങ്യാർകുളങ്ങര, ചവറ തുടങ്ങിയ എന്നിവിടങ്ങളില്‍ കൊണ്ടുപോയി ഫോട്ടോ എടുപ്പിച്ചു.വഴിയില്‍ വെച്ച് ശിവകുമാറിനെ അടിച്ച് വീഴ്ത്തിയ ഇയാൾ ലക്ഷങ്ങള്‍ വിലയുള്ള ക്യാമറയുമായി മുങ്ങുകയുമായിരുന്നു. 

പൊലീസ് സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നെന്ന് വ്യക്തമാകുകയായിരുന്നു. തുടര്‍ന്ന് തക്കലയിൽ വച്ച്  ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ മോഷ്ടിച്ച മൂന്നു ക്യാമറകളും ബൈക്കും പൊലീസ് പിടിച്ചെടുത്തു

തമിഴ് നാട്ടിലെ തിരുവട്ടാറിൽ സ്ത്രിയുടെ 5 ലക്ഷം രൂപ കബളിപ്പിച്ചെടുത്ത ശേഷം അവരെ ജൂസിൽ വിഷം കലർത്തിക്കൊടുത്തു കൊന്ന ശേഷം ആറ്റിൽ തള്ളിയ കേസിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. മുൻപ് വെണ്മണിയിൽ സ്ത്രിയെ അക്രമിച്ച് സ്വർണ്ണമാല കവർന്ന  കേസ്സിൽ  ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ ഓടിച്ച് നോക്കാനാണെന്നു പറഞ്ഞ് വാങ്ങിയ ബൈക്കുമായി കടന്നകേസിലും നിരവധി  മോഷണക്കേസുകളിലും പ്രതിയാണ് ഇയാള്‍.